തെച്ചികോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: സത്യാഗ്രഹ സമരവുമായി ബി.ജെ.പി.
തൃശൂര്‍: ആനപ്രേമികളുടെ പ്രിയപ്പെട്ട ആന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെതിരേയുള്ള വിലക്ക് നീക്കാന്‍ തൃശൂരില്‍ നാളെ മുതല്‍ ബി.ജെ.പി. പ്രക്ഷോഭം. ആനയ്ക്ക് വേണ്ടി സത്യാഗ്രഹ സമരമാണ് ബി.ജെ.പി. ആസൂത്രണം ചെയ്യുന്നത്. ബി.ജെ.പിയുടെ സമരം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ആനയ്‌ക്കെതിരെയുള്ള വനം വകുപ്പിന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. മനുഷ്യരെ കൊന്ന ആനയെ എഴുന്നള്ളിക്കാന്‍ അനുവദിക്കില്ലെന്നാണ് വനം വകുപ്പ് അറിയിച്ചിരിക്കുന്നത്. വിലക്കു നീക്കാന്‍ തൃശൂര്‍ എം.എല്‍.എ. കൂടിയായ മന്ത്രി വി.എസ്. സുനില്‍കുമാര്‍ വനം മന്ത്രിയ്ക്കും ഉദ്യോഗസ്ഥര്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാൽ മന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനില്‍ക്കുന്ന പ്രദേശം സി.പി.ഐ.എമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണ്. പാര്‍ട്ടി ഭരിക്കുന്ന കാലത്തും തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന പരാതി പാർട്ടി പ്രവർത്തകർക്കുണ്ട് . ഈ വസ്തുതയെക്കുറിച്ച് മനസിലാക്കിയ ബി.ജെ.പി. സമരം ഏറ്റെടുക്കുകയായിരുന്നു എന്നും പറയപ്പെടുന്നു.
പൂരത്തിന്റെ തലേ ദിവസം തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യമാണ്. വിലക്ക് മറികടക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം തുടരുന്നുണ്ട്. വിലക്കിനെതിരായ വികാരം തങ്ങൾക്ക് അനുകൂലമാക്കാൻ ശ്രമം നടത്തുകയാണ് ബി.ജെ.പി. എന്നാണ് റിപ്പോർട്ടുകൾ.