| Tuesday, 30th November 2021, 2:30 pm

യുവാക്കളുടെ വോട്ട് നേടണം: അമിത് ഷായുടെ മണ്ഡലത്തില്‍ ആര്‍ട്ടിക്കിള്‍ 370 ന്റെ പേരില്‍ ക്രിക്കറ്റ്, കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ബി.ജെ.പി.

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറില്‍ ആര്‍ട്ടിക്കിള്‍ 370 ന്റെ പേരില്‍ ക്രിക്കറ്റ്, കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച് ബി.ജെ.പി.

ഗാന്ധിനഗര്‍ ലോക്‌സഭാ പ്രീമിയര്‍ ലീഗ് 370 എന്നാണ് ടൂര്‍ണമെന്റിന്റെ പേര്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനാണ് ബി.ജെ.പി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ബി.ജെ.പിയുടെ ഒരു യോഗത്തില്‍ വെച്ച് അമിത് ഷാ തന്നെയാണ് ആദ്യമായി ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചതെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ഇന്ത്യന്‍ എക്‌സ്‌പ്രെസിനോട് പറഞ്ഞു.

‘അമിത് ഷായുടെ നേതൃത്വത്തില്‍ പിന്‍വലിക്കപ്പെട്ട ആര്‍ട്ടിക്കിള്‍ 370 ന്റെ പേരിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. യുവജനങ്ങളുടെ വോട്ട് ആകര്‍ഷിക്കാനാണ് ഇങ്ങനെയൊരു പദ്ധതി. എല്ലാ വാര്‍ഡുകളില്‍ നിന്നും ക്രിക്കറ്റിനും കബഡിക്കുമായി ഓരോ ടീമിനെ തെരഞ്ഞെടുക്കും,’ പ്രാദേശിക ബി.ജെ.പി നേതാക്കള്‍ പറയുന്നു.

‘ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും ടൂര്‍ണമെന്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിയോജക മണ്ഡലത്തിനായി ഒരു കബഡി ടൂര്‍ണമെന്റും ഏഴ് അസംബ്ലി സെഗ്മെന്റുകള്‍ക്കായി ഏഴ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളും സംഘടിപ്പിക്കാനാണ് പദ്ധതി. ടീമുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു,’ ബി.ജെ.പി സംസ്ഥാന യൂണിറ്റ് ജനറല്‍ സെക്രട്ടറി പ്രദീപ്സിംഗ് പറഞ്ഞു

2019 ഓഗസ്റ്റിലാണ്, ജമ്മു കശ്മീരിന് ഒരു പ്രത്യേക സ്വയംഭരണാവകാശം നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ജമ്മു കാശ്മീറിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി തിരിച്ചു.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിക്കുന്നത് വഴി ഈ മേഖലയെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി സംയോജിപ്പിക്കാനാകുമെന്നും, തീവ്രവാദം കുറയ്ക്കാനും, സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ സഹായിക്കാന്‍ സാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bjp-to-launch-sports-tournaments-named-after-article-370-in-amit-shahs-constituency

We use cookies to give you the best possible experience. Learn more