തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാട് വ്യക്തമാക്കി ബി.ജെ.പി
national news
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാട് വ്യക്തമാക്കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th May 2022, 11:42 pm

ചണ്ഡിഗഡ്: ഹരിയാനയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി.ജെ.പി. ജന്‍നായക് ജനതാ പാര്‍ട്ടി-ബി.ജെ.പി സഖ്യസര്‍ക്കാരാണ് നിലവില്‍ ഹരിയാന ഭരിക്കുന്നത്.

‘സഖ്യത്തിന് പകരം നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും പാര്‍ട്ടി ചിഹ്നത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും,’ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ഓം പ്രകാശ് ധങ്കര്‍ പറഞ്ഞു.

ഹിസാറില്‍ നടന്ന രണ്ട് ദിവസത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് പ്രഖ്യാപനം.

അനധികൃത സ്വത്ത് സമ്പാദന (ഡി.എ) കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് ദല്‍ഹി കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായക പ്രഖ്യാപനം.

ഓം പ്രകാശ് ചൗട്ടാലയ്ക്ക് ശിക്ഷ വിധിച്ചതിന് പിന്നാലെ പുതിയ ഉത്തരവ് വരുന്നത് വരെ ജെ.ജെ.പി എല്ലാ പാര്‍ട്ടി പരിപാടികളും റദ്ദാക്കിയിരുന്നു.

ചൗട്ടാലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗട്ടാല സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാണ്.

ചൗട്ടാലയ്ക്ക് വിധിച്ച ശിക്ഷ ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ ദിഗ്‌വിജയ് ചൗട്ടാല പറഞ്ഞിരുന്നു.

ജെ.ജെ.പിക്ക് നിലവില്‍ 10 എം.എല്‍.എമാരാണുള്ളത്. 90 അംഗ വിധാന്‍സഭയില്‍ ഇന്ത്യന്‍നാഷണല്‍ ലോക് ദളിന് (ഐ.എന്‍.എല്‍.ഡി) ഒരാളാണുള്ളത്.

സഖ്യകക്ഷിയായ ബി.ജെ.പിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ജെ.ജെ.പി പ്രതികരിച്ചിട്ടില്ല.

Content Highlight: BJP to go solo in Haryana polls