ന്യൂദല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അണിനിരത്താനൊരുങ്ങി ബി ജെ പി. മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, വീരേന്ദര്‍ സേവാഗ്, മാധുരി ദിക്ഷിത് തുടങ്ങി 70 ഓളം താരങ്ങളെ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നതെന്ന് പേരു വെളിപ്പെടുത്താന്‍ താത്പര്യപ്പെടാത്ത മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
“സ്വന്തം പ്രയത്‌നം കൊണ്ട് ജനങ്ങള്‍ക്ക് ഇടയില്‍ അംഗീകാരം നേടിയെടുത്ത നിരവധി പേര്‍ രാജ്യത്തുണ്ട്. അവര്‍ക്കെല്ലാം തന്നെ രാജ്യത്തിന്റെ ഉന്നമനത്തിന് ഉതകുന്ന ആഴത്തിലുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മുന്നോട്ട് വയ്ക്കാനാകും. അത് നമ്മള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്” – ബി.ജെ.പി നേതാവ് പറഞ്ഞു.
സിനിമാ-കായിക-കലാ-സാംസ്‌കാരിക മേഖലയില്‍നിന്നുള്ള എഴുപതോളം പ്രമുഖരെ സ്ഥാനാര്‍ഥികളാക്കാനാണ് ആലോചിക്കുന്നത്. മാധുരി ദീക്ഷിത്, സണ്ണി ഡിയോള്‍ എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തിരുവനന്തപുരത്തുനിന്ന് മോഹന്‍ലാല്‍, ന്യൂഡല്‍ഹിയില്‍നിന്ന് അക്ഷയ് കുമാര്‍, മുംബൈയില്‍നിന്ന് മാധുരി ദീക്ഷിത്, ഗുര്‍ദാസ്പുറില്‍നിന്ന് സണ്ണി ഡിയോളിനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാനുള്ള സാധ്യതയാണ് പാര്‍ട്ടി പരിശോധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : ബ്ലാസ്റ്റേഴ്‌സിനെ സച്ചിന്‍ ലുലു ഗ്രൂപ്പിന് വിറ്റെന്ന് റിപ്പോര്‍ട്ട്; ഞെട്ടലോടെ ആരാധകര്‍
അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്തുനിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ഥി ആയേക്കുമെന്ന തരത്തില്‍ പ്രചരണമുണ്ടായിരുന്നു. ദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള മോഹന്‍ലാലിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വ സാധ്യത ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് നിന്ന് നേട്ടമുണ്ടാക്കാന്‍ താരപരിവേഷമുള്ളവര്‍ ഉള്‍പ്പെടെ ജനസ്വാധീനമുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കണമെന്നാണ് ആര്‍.എസ്.എസ് താല്‍പര്യമെന്നും ഇതുപ്രകാരം ശശി തരൂരിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മോഹന്‍ലാല്‍ വന്നേക്കുമെന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വാര്‍ത്ത നിഷേധിച്ച് കൊണ്ട് ലാല്‍ രംഗത്തെത്തിയിരുന്നു.