ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പാമൂലപാര്‍ഥി വെങ്കിട നരസിംഹറാവുവിന്റെ പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ സ്മാരകം പണിയുന്നു. ഏകതാ സ്ഥല്‍ സമാധി കോംപ്ലക്‌സിലാണ് അദ്ദേഹത്തിന്റെ പേരില്‍ സ്മാരകം ഉയര്‍ത്താന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. അനുമതി ലഭിക്കുന്നതിനായി ക്യാബിനറ്റിന്റെ പരിഗണനക്ക് വെച്ചിരിക്കുകയാണ് മന്ത്രാലയം.
ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ട് വന്ന മുന്‍ പ്രധാനമന്ത്രിയെ ആദരിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയല്ല ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തല്‍.
2004 ഡിസംബര്‍ 9 ന് ഹൃദയാഘാതം മൂലം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് പി.വി.നരസിംഹറാവു അന്തരിച്ചപ്പോള്‍ ദല്‍ഹിയില്‍ എ.ഐ.സി.സി മന്ദിരത്തില്‍ റാവുവിന്റെ മൃതദേഹം അന്തിമോപചാരമര്‍പ്പിക്കാനായി വെക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ സമ്മതിച്ചിരുന്നില്ല.
ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ റാവുവിനെ അവഗണിച്ച കോണ്‍ഗ്രസിനെ അടിക്കുന്നതിന് വേണ്ടി തെലുങ്ക് ദേശം പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. ആന്ധ്രപ്രദേശുകാരനായിരുന്ന നരസിംഹ റാവുവിന്റെ പേരില്‍ സ്മാരകം പണിയണമെന്ന് ടി.ഡി.പി നേരത്തെ തന്നെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.