തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിക്കില്ലെന്ന് ബി.ജെ.പി. രാജ്യതാല്പര്യങ്ങളെ ഹനിക്കുന്ന ചാനലാണ് ഏഷ്യാനെറ്റ് ന്യൂസെന്നും അതുകൊണ്ട് ചാനലുമായി സഹകരിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നുമാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്.
വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബി.ജെ.പിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നതതെന്നും അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണണെന്നും ബി.ജെ.പി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു.
തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ മതിയായ പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്ന് പറഞ്ഞ് ചാനലിലേക്ക് വിളിച്ചയാളോട് ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക പി.ആര്‍ പ്രവീണ പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച്
സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ചാനലിനും മാധ്യമപ്രവര്‍ത്തകയ്ക്കും എതിരെ കടുത്ത സൈബര്‍ ആക്രമണവും ബലാത്സംഗ ഭീഷണിയും ഉണ്ടായിരുന്നു.
ഇതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ചാനല്‍ വ്യക്തമാക്കിയിരുന്നു.
തെറ്റ് തിരുത്തി എന്നു പറയുമ്പോള്‍ തന്നെ അങ്ങനെ കൂട്ടംതെറ്റിച്ച് എറിഞ്ഞ് കൊല്ലാമെന്ന് ആര്‍ക്കെങ്കിലും വ്യാമോഹമുണ്ടെങ്കില്‍ അതിന് നിന്നുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും അതിശക്തമായ നടപടി അക്കാര്യത്തില്‍ സ്വീകരിക്കുമെന്നുമാണ് ഏഷ്യാനെറ്റ് ന്യൂസ് വ്യക്തമാക്കിയത്.
ചാനല്‍ ഓഫീസിലേക്ക് വിളിച്ച വ്യക്തിയോട് മാധ്യമപ്രവര്‍ത്തക അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തത്തുടര്‍ന്ന് നേരത്തെ ഏഷ്യാനെറ്റ് ഖേദം പ്രകടിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പിനുശേഷം ബംഗാളിലുണ്ടായ അക്രമസംഭവങ്ങള്‍ മതിയായ പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്ന് പറഞ്ഞ് ചാനലിലേക്ക് വിളിച്ചയാളോട് മാധ്യമപ്രവര്‍ത്തക പ്രകോപനപരമായി സംസാരിച്ചെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പുപറഞ്ഞ് രംഗത്തെത്തിയിരുന്നു. തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രതികരണം അപക്വമായിരുന്നെന്നും അനാവശ്യമായിരുന്നെന്നും പറഞ്ഞ ഏഷ്യാനെറ്റ്, മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക തന്നെ വിശദീകരണം നല്‍കിയിരുന്നു. കൊവിഡ് ഗുരുതരാവസ്ഥ റിപ്പോര്‍ട്ടിംഗിനിടെ തന്റെ നിയന്ത്രണം വിട്ട് പോകുകയായിരുന്നുവെന്നാണ് ഇവര്‍ പറഞ്ഞത്. ബംഗാള്‍ അക്രമം റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സമാനമായ നിരവധി ഫോണ്‍കോളുകള്‍ ചാനല്‍ ഓഫീസിലേക്ക് വന്നിരുന്നുവെന്നും ഒടുവില്‍ നിയന്ത്രണം വിടുകടയായിരുന്നുവെന്നും ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പ്രതികരണമെന്നും നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയതാണ്.
ബി.ജെ.പി കേരളയുടെ ഫേസ്ബുക്ക് കുറിപ്പ്
”ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല.
കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങള്‍ വീണ്ടും തെളിയിക്കുകയാണ്. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബി.ജെ.പിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ല. വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാന്‍ ഭാരതീയ ജനതാ പാര്‍ട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക