ബംഗാളില്‍ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നയിജാതിലായില്‍ ശനിയാഴ്ച വൈകിട്ട് ഏഴിന് തുടങ്ങിയ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.
മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും നാട്ടുകാരനും ഉള്‍പ്പടെ അഞ്ചുപേരാണ് അക്രമത്തിനിടെ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബാഷിര്‍ഹട്ട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെട്ടതാണ് സംഘര്‍ഷമുണ്ടായ പ്രദേശം. പൊതുസ്ഥലത്തുനിന്നും പാര്‍ട്ടി പതാകകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടു തുടങ്ങിയ തര്‍ക്കമാണ് സംഘര്‍ഷമായി മാറിയത്.
വെടിയേറ്റാണ് തൃണമൂല്‍-ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ബാഷിര്‍ഹട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തങ്ങളുടെ കൊടികള്‍ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വെടിവെച്ച് കൊല്ലുകയായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു ആരോപിച്ചു.
നിരവധി പ്രവര്‍ത്തകരെ കാണാതായിട്ടുണ്ടെന്ന് ബി.ജെ.പി അറിയിച്ചു. സംഘടിച്ചെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി ആരോപിക്കുന്നു. തങ്ങളുടെ ഒരു പ്രവര്‍ത്തകനും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതായി തൃണമൂല്‍ നേതാക്കള്‍ പ്രതികരിച്ചു.