ന്യൂദല്‍ഹി: ദേശീയ പൗരത്വപട്ടികയെ ചൊല്ലി പശ്ചിമബംഗാളില്‍ ബി.ജെ.പി തൃണമൂല്‍ കോണ്‍ഗ്രസ് പോര് തുടരുന്നു. ഇരു പാര്‍ട്ടികളും ദേശീയ പൗരത്വപട്ടികയെ ചൊല്ലി പരസ്പരവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതോടെ കൊല്‍ക്കത്തയിലെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേയും മുനിസിപ്പല്‍ ഓഫീസുകളില്‍ ജനന -മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ജനങ്ങള്‍ പിടിവലി നടത്തുകയാണ്.
സംസ്ഥാനത്ത് ദേശീയ പൗരത്വപട്ടിക നടപ്പാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി വ്യക്തമാക്കിയതിന് പിന്നാലെ എന്‍.ആര്‍.സി നടപ്പാക്കുകയാണെങ്കില്‍ ഒരു ഹിന്ദു പോലും രാജ്യം വിട്ട് പുറത്ത് പോകേണ്ടി വരില്ലായെന്നും എല്ലാ ഹിന്ദുക്കള്‍ക്കും പൗരത്വം ലഭിക്കുമെന്നും എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയുമെുമുള്ള പ്രസ്താവനയുമായി ബി.ജെ.പി ദേശീയ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ വ്യക്തമാക്കിയിരുന്നു.
കൊല്‍ക്കത്തയില്‍ നടത്തിയ ഒരു സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര് പറയാതെ തന്നെ ദേശീയ പൗരത്വപട്ടികയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതിനെതിരെ അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.
അതേസമയം തന്നെ ബംഗാളില്‍ എന്‍.ആര്‍.സിയെ ഭയന്ന് 11 പേര്‍ ആത്മഹത്യ ചെയ്തിരുന്നുവെന്ന ആരോപണവുയി മമത ബാനര്‍ജി രംഗത്തെത്തിയിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മമത വ്യക്തമാക്കിയിരുന്നു.
എന്നാല്‍ എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട മരണങ്ങളെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് സിലിഗുരിയില്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. ”ആത്മഹത്യ ചെയ്ത 11 പേരില്‍ ഒരാള്‍ മാനസിക തകരാറുള്ളയാളാണ്. അദ്ദേഹം കുളത്തിലേക്ക് ചാടുകയായിരുന്നു. ചിലര്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ആത്മഹത്യ ചെയ്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.
അസമില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്തുന്നതിനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന അസം പൗരത്വബില്ലിന്റെ അന്തിമപട്ടിക പുറത്തിറക്കിയപ്പോള്‍ 3.1 ലക്ഷം ജനങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുകയും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അസം കൂടാതെ ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.