| Saturday, 4th December 2021, 2:08 pm

ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയ കുടുംബത്തിന് ശബരിമലയില്‍ പോകാന്‍ കെട്ടുനിറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി അമ്പലക്കമ്മിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയ കുടുംബത്തിന് ക്ഷേത്ര കമ്മറ്റിയുടെ വിലക്ക്. കോഴിക്കോട് വെള്ളയില്‍ തൊടിയില്‍ കാവ്യസ്മിതം വീട്ടില്‍ ഷിന്‍ജുവിനും കുടുംബത്തിനുമാണ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുന്ന ക്ഷേത്ര കമ്മറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

അടുത്ത ദിവസം ശബരിമലയില്‍ പോകാന്‍ വേണ്ടി തയ്യാറെടുത്ത് നില്‍ക്കുന്ന ഷിന്‍ജുവിന് ക്ഷേത്രത്തില്‍ നിന്നും കെട്ടുനിറ അടക്കമുള്ള ആചാരങ്ങള്‍ക്കാണ് ക്ഷേത്ര കമ്മറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്ര കമ്മറ്റിയുടെ വിലക്കിന് പുറമെ ഷിന്‍ജുവിനും കുടുംബത്തിനും പ്രദേശത്തെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

നിരവധി തവണ ഷിന്‍ജുവിന്റെ വീടിനും സ്ഥാപനത്തിനും നേരെ ആക്രമണവുണ്ടായി.

ബി.എം.എസ് നേതൃത്വം നല്‍കുന്ന പെട്ടിക്കട അസോസിയേഷന്റെ ജില്ല ഭാരവാഹിയും, ഹിന്ദു ഐക്യവേദിയുടെയും ബി.ജെ.പിയുടെയും പ്രാദേശിക നേതാവുമായിരുന്ന ഷിന്‍ജുവും കുടുംബവും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബി.ജെ.പി വിട്ട് സി.പി.ഐ.എമ്മിലെത്തിയത്.

സി.പി.ഐ.എമ്മിലെത്തിയത് മുതല്‍ ഷിന്‍ജുവിനും കുടുംബത്തിനും നിരന്തര ഭീഷണിയും ആക്രമണങ്ങളുമാണ് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. ഷിന്‍ജുവിന്റെ വീടും സ്ഥാപനവുമെല്ലാം ആര്‍.എസ്.എസ-ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന ഷിന്‍ജുവിന്റെ സഹോദരഭാര്യയെയും രാത്രിയില്‍ വാതില്‍ ചവിട്ടിതുറന്ന് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചു.

‘തുടര്‍ച്ചയായി വീടിന്റെ മുന്നില്‍ വന്ന് അസഭ്യം പറയുന്നു. വീടിന് ചുറ്റും ബി.ജെ.പി കൊടികള്‍ കെട്ടുകയും ചെയ്തു. വീട്ടിലെ അലക്കുകല്ലിന്റെ മുകളില്‍ പോലും ബി.ജെ.പി വന്ന് കൊടികെട്ടി. രാത്രിയില്‍ വീടിന്റെ ജനലുകള്‍ തകര്‍ക്കുകയും ചെയ്തു,’ ഷിന്‍ജുവിന്റെ അമ്മ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആര്‍.എസ്.എസ് ശാഖ മുന്‍ മുഖ്യശിക്ഷക് നിമോഷിന്റെ നേതൃത്വത്തിലാണ് വീടിന് നേരെ ആക്രമണമുണ്ടായത്. ഷിന്‍ജുവിന്റെ സഹോദരന്റെ ഭാര്യയെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കുടുംബം പറയുന്നു.

ഏറ്റവും ഒടുവിലാണ് ഇപ്പോള്‍ ഷിന്‍ജുവിനും കുടുംബത്തിനും ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥിരമായി ശബരിമലയില്‍ പോകാറുള്ള ആളാണ് ഷിന്‍ജു. വീടിന്റെ ചുവരില്‍ ‘ശബരിമല അയ്യപ്പന്‍ ഈ വീടിന്റെ ഐശ്വര്യം’ എന്ന് സ്റ്റിക്കര്‍ പതിക്കുകയും ചെയ്തിട്ടുണ്ട്.

ഇത്തവണയും ഷിന്‍ജു സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയില്‍ പോകാന്‍ തയ്യാറെടുത്തിരിന്നു. എല്ലാ വര്‍ഷവും വീടിന് സമീപത്തെ തൊടിയില്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചാണ് ഷിന്‍ജുവും സുഹൃത്തുക്കളും കെട്ടുനിറച്ച് ശബരിമലയില്‍ പോകാറുള്ളത്. എന്നാല്‍ ഇത്തവണ ഷിന്‍ജുവിന് ഇവിടെ വെച്ച് കെട്ടുനിറക്കാന്‍ അനുവദിക്കില്ലെന്നാണ് ക്ഷേത്രകമ്മറ്റിയുടെ നിലപാട്.

ബി.ജെ.പി നേതൃത്വത്തിലുള്ള അരയസമാജത്തിന് കീഴിലാണ് ക്ഷേത്രം പ്രവര്‍ത്തിക്കുന്നത്. വിലക്കേര്‍പ്പെടുത്തിയതിന്റെ കാരണമറിയാന്‍ ഷിന്‍ജു ക്ഷേത്ര കമ്മറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടെങ്കിലും ആരും മറുപടി നല്‍കിയിട്ടില്ല. ഷിന്‍ജുവും കുടുംബവും സി.പി.ഐ.എമ്മുമായി സഹകരിക്കുന്നതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ശാന്തിക്കാരനടക്കം ഷിന്‍ജുവിനോട് പറഞ്ഞിട്ടുള്ളത്.

ഞായറാഴ്ചയായിരുന്നു ഷിന്‍ജു തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ശബരിമലയില്‍ പോകാന്‍ തയ്യാറെടുത്തത്. ക്ഷേത്രം വിലക്കേര്‍പ്പെടുത്തിയതോടെ യാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്. ഷിന്‍ജുവിനൊപ്പം ശബരിമലയിലേക്ക് പോകാന്‍ തയ്യാറെടുത്ത മറ്റ് മൂന്ന് പേര്‍ക്കും ബി.ജെ.പി കോണുകളില്‍ നിന്ന് ഭീഷണി ഉയരുന്നുണ്ട്.

മറ്റൊരു ക്ഷേത്രത്തില്‍ വെച്ച് കെട്ടുനിറച്ച് ശബരിമലയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഷിന്‍ജു. ശബരിമല സംരക്ഷിക്കാനെന്ന് പറഞ്ഞ് നാട്ടില്‍ വലിയ അക്രമ സംഭവങ്ങള്‍ നടത്തിയവര്‍ തന്നെ ഒരു വിശ്വാസിയുടെ യാത്ര മുടക്കുന്നത് ബി.ജെ.പിയുടെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്ന് ഷിന്‍ജു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വീടിന് നേരെയും സ്ഥാപനത്തിന് നേരെയും അക്രമ സംഭവങ്ങള്‍ നടന്ന ഉടന്‍ തന്നെ വെള്ളയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പ്രതികളായ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് ഷിന്‍ജു പറയുന്നു.

അതിക്രമങ്ങള്‍ നടക്കുന്ന സമയത്ത് തന്നെ പൊലീസിനെ വിവരമറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

വീടിന് നേരെ ആക്രമണമുണ്ടായതിന് ശേഷമുള്ള ദിവസങ്ങളില്‍ സി.പി.ഐ.എം ഓഫീസിലാണ് ഷിന്‍ജുവും കുടുബവും അഭയം തേടിയത്. പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നടപടിയില്‍ പ്രദേശിക സി.പി.ഐ.എം നേതൃത്വത്തിനും എതിര്‍പ്പുണ്ട്.

പൊലീസിന് നേരെ പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുകയാണെന്ന് സി.പി.ഐ.എം വെള്ളയില്‍ ബ്രാഞ്ച് സെക്രട്ടറി കെ. ബാലകൃഷണന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ ബ്രാഞ്ചുകളില്‍ പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിക്കും. രണ്ടാംഘട്ടത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണം മാറിയെങ്കിലും പൊലീസിന്റെ മനോഭാവം മാറിയിട്ടില്ല. അക്രമ സംഭവങ്ങള്‍ അരങ്ങേറി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാത്തതിനെ കുറിച്ച് അന്വേഷിക്കുമ്പോള്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന മറുപടി പ്രതികളെ പരാതിക്കാരനോ പാര്‍ട്ടി പ്രവര്‍ത്തകരോ ചൂണ്ടിക്കാണിക്കണമെന്നാണ്. പേരുവിവരം സഹിതം പരാതി നല്‍കിയിട്ടുണ്ട്. പ്രതിയെ പിടിച്ചുകൊടുക്കേണ്ടത് പാര്‍ട്ടിയുടെ പണിയല്ല,’ ബാലകൃഷ്ണന്‍ പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളിയായിരുന്ന ഷിന്‍ജുവിന്റെ പിതാവിന്റെ കാലം മുതല്‍ വെള്ളയില്‍ കടപ്പുറത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന പെട്ടിക്കടയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഈ കുടുംബത്തെ വിലക്കേര്‍പ്പെടുത്തുന്നതടക്കമുള്ള പ്രശ്നങ്ങളിലേക്കെത്തിച്ചത്.

ഷിന്‍ജുവിന്റെ പിതാവിന്റെ മരണശേഷം സഹോദരനായിരുന്നു ഈ സ്ഥാപനം നടത്തി വന്നിരുന്നത്. എന്നാല്‍ ഇതേ സ്ഥാപനത്തിന് തൊട്ടുമുന്നില്‍ തന്നെ മറ്റൊരു വാഹനത്തില്‍ ഒരു പെട്ടിക്കട പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. കോര്‍പറേഷന്റെയും പോര്‍ട് ട്രസ്റ്റിന്റെയും അനുമതിയോടുകൂടി പ്രവര്‍ത്തിക്കുന്ന തന്റെ സ്ഥാപനത്തിന് തൊട്ടു മുന്നില്‍ നിന്നും അല്‍പം മാറി പുതിയത് സ്ഥാപിക്കാന്‍ പറഞ്ഞതില്‍ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം.

പുതിയ സംരഭകര്‍ അത് സമ്മതിക്കാതിരുന്നതോടെ കോര്‍പറേഷനിലും ഭക്ഷ്യസുരക്ഷ വകുപ്പിലും ഷിന്‍ജു പരാതി നല്‍കി. ഷിന്‍ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പുതിയ സംരഭകന് നേരെ നടപടിയുമുണ്ടായി. ഇതിന് ശേഷമാണ് ഷിന്‍ജുവിന്റെ സഹോദരന്റെ പെട്ടിക്കടയ്ക്ക് നേരെ ആക്രമണമുണ്ടായത്.

കടയുടെ ബോര്‍ഡുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. കട വൃത്തിയാക്കാന്‍ വന്ന ഷിന്‍ജുവിന്റെ സഹോദരന്റെ ഭാര്യയെ ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയും ചെയ്തു. നിലവില്‍ കട തുറക്കാന്‍ അനുവദിക്കാത്ത തരത്തില്‍ കടക്ക് ചുറ്റും ബി.ജെ.പി കൊടി കെട്ടുകയും കടയോട് ചേര്‍ന്ന് അനധികൃതമായി കുടില്‍കെട്ടുകയും ചെയ്തിരിക്കുകയാണ്.

കടക്ക് മുന്നില്‍ സദാസമയവും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തമ്പടിക്കുകയും ചെയ്യുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP threats to family for joining CPIM denies Sabarimala

We use cookies to give you the best possible experience. Learn more