| Wednesday, 22nd May 2019, 9:35 am

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പത്ത് കോടിരൂപയുടെ മാനനഷ്ടക്കേസുമായി ശ്രീധരന്‍പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേശീയപാതാ വികസനം അട്ടിമറിച്ചെന്നാരോപിച്ചുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പത്ത് കോടിരൂപയുടെ മാനനഷ്ടക്കേസുമായി ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.

ഫേസ്ബുക്കില്‍ തനിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് തോമസ് ഐസക്ക് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലടക്കം തനിക്കും പാര്‍ട്ടിക്കും ഉണ്ടായ ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് കേസുകളുമായി മുന്നോട്ട് പോകാനാണ് പാര്‍ട്ടി തീരുമാനമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ദേശീയപാതാ വികസനത്തിന് വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുക്കുന്നതില്‍ സാവകാശംതേടി സമരസമിതി ശ്രീധരന്‍പിള്ളയ്ക്ക് നിവേദനം നല്‍കിയിരുന്നു. നിവേദനത്തോടൊപ്പം കേന്ദ്രസര്‍ക്കാരിന് അയച്ച കത്തില്‍ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ സ്ഥലം ഏറ്റെടുക്കുന്നത് നിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞതിനെതിരേയായിരുന്നു മന്ത്രിയുടെ പോസ്റ്റ്.

പിള്ളയെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌കരിക്കണമെന്നും മന്ത്രി എഴുതി. നഷ്ടപരിഹാരത്തുക ശബരിമല സമരത്തിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നവരുടെ സംരക്ഷണത്തിന് ചെലവിടുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

We use cookies to give you the best possible experience. Learn more