ഹൈദരാബാദ്: അലിപിരി സംഭവം ആവര്‍ത്തിക്കുമെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് സോമു വീരാജുവിന്റെ പരാമര്‍ശത്തിനെതിരെ ടി.ഡി.പി. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവിനെ കൊല്ലുമെന്നാണ് ബി.ജെ.പി ഭീഷണിപ്പെടുത്തിയതെന്ന് പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂര്‍ത്തി ചോദിച്ചു.
2003 ഒക്ടോബര്‍ ഒന്നിന് തിരുപ്പതിയിലെ അലിപിരിയില്‍ മൈന്‍ ആക്രമണത്തിലൂടെ നായിഡുവിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
1996 ജൂലൈയില്‍ നായിഡു നിരോധിച്ച പീപ്പിള്‍സ് വാര്‍ എന്ന സംഘടനയായിരുന്നു ആക്രമണത്തിനു പിന്നില്‍. “അന്ന് സംഭവിച്ചതൊക്കെ 2018ല്‍ ആവര്‍ത്തിക്കും” എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം.
കേന്ദ്രത്തെ ചോദ്യം ചെയ്യുന്ന നേതാവിനെ കൊല്ലാന്‍ ബി.ജെ.പി പദ്ധതിയിടുകയാണോയെന്ന് പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ട് കൃഷ്ണമൂര്‍ത്തി ചോദിച്ചു. “എന്ന് ഉദ്ദേശിച്ചാണ് അയാള്‍ അതു പറഞ്ഞതെന്ന് ഞങ്ങള്‍ക്കറിയില്ല. പക്ഷേ നിങ്ങളെ ചോദ്യം ചെയ്യുന്നവരെ കൊല്ലുമെന്ന ഭീഷണിയാണോ അതിലൂടെ ലക്ഷ്യമിട്ടത്?” കൃഷ്ണമൂര്‍ത്തി ചോദിക്കുന്നു.
മോദിയെ മാസ്റ്റര്‍ ഓഫ് ഡിസ്‌ട്രോയിങ് ഇന്ത്യ എന്ന് വിശേഷിപ്പിച്ച കൃഷ്ണമൂര്‍ത്തി ബി.ജെ.പിക്ക് പ്രതിപക്ഷ പാര്‍ട്ടികളെ ഭയപ്പെടുത്താനാവില്ലെന്നും പറഞ്ഞു. സംസ്ഥാനത്തോട് അനീതികാട്ടിയവര്‍ക്കെതിരെയുള്ള പോരാട്ടം ഞങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.