കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പിടിക്കാനായി നാല്‍പ്പതിലധികം താരപ്രചാരകരെ മുന്നോട്ട് വെച്ച ബി.ജെ.പിയെ പരിഹസിച്ച് തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.
ബി.ജെ.പിയില്‍ പുതുതായി അംഗത്വമെടുത്ത ചില താരപ്രചാരകര്‍ സ്വയം മൂര്‍ഖനാണെന്നൊക്കെ പറയുന്നുണ്ടെന്നും എന്നാല്‍ അതൊന്നും മമത ബാനര്‍ജിയുടെ വിജയത്തെ ബാധിക്കില്ലെന്നും മഹുവ പറഞ്ഞു.
‘കാട്ടില്‍ ഇനി ആരൊക്കെയുണ്ടെന്ന് പറഞ്ഞാലും സിംഹം ഒന്നു മാത്രമേയുള്ളു. പുതുതായി ബി.ജെ.പിയിലെത്തിയ ചില താരപ്രചാരകര്‍ സ്വയം മൂര്‍ഖനാണെന്ന് പറയുന്നത് കേട്ടു. ബംഗാളിയില്‍ ഒരു ചൊല്ലുണ്ട്. ഏത് വിഷമുള്ള മൂര്‍ഖനെയും തല്ലിക്കൊല്ലാന്‍ ഒരു ചെരിപ്പ് മാത്രം മതി’, മഹുവ പറഞ്ഞു.
കാര്‍ഷിക രംഗത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ് ബംഗാളിലുള്ളതെന്നും വികസനം അവരിലേക്ക് കൂടിയെത്തിയാല്‍ മാത്രമെ സംസ്ഥാനത്ത് പുരോഗതിയുണ്ടാകുകയുള്ളുവെന്നും മഹുവ പറഞ്ഞു.
പശു സ്വര്‍ണ്ണം തരുന്നു എന്നൊക്കെ പറയുന്നവരാണ് ബി.ജെ.പിക്കാര്‍. സോണാര്‍ ബംഗ്ല അങ്ങനെയുണ്ടാക്കാമെന്നാണ് അവരുടെ വിചാരം. 500 വര്‍ഷം പിറകിലേക്ക് ബംഗാളിനെ കൊണ്ടുപോകാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും മഹുവ പറഞ്ഞു.
ബംഗാളില്‍ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടന്നിരുന്നു. 30 മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്. തൃണമൂലില്‍ നിന്നു പുറത്തു പോയ സുവേന്തു അധികാരിയും മമത ബാനര്‍ജിയും തമ്മില്‍ മത്സരിക്കുന്ന നന്ദിഗ്രാമിലും ഇന്നാണ് വോട്ടെടുപ്പ് നടന്നത്.
മാര്‍ച്ച് 27നായിരുന്നു പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നത്.
രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ 150 ഓളം ഇ.വി.എമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights; BJP Thinks Cow Produces Gold , Mahua Motra Slams Bjp