| Thursday, 15th July 2021, 7:38 pm

'ബി.ജെ.പിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കും'; വിവാദമായി തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്റെ പരാമര്‍ശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: എല്ലാ മാധ്യമങ്ങളെയും തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷന്‍ അണ്ണാമലൈയുടെ പ്രസ്താവന വിവാദത്തില്‍. ബി.ജെ.പിക്കെതിരെ സംസാരിക്കുന്ന മാധ്യമങ്ങളെ വിലക്കുമെന്നും അവരെ ആറ് മാസത്തിനുള്ളില്‍ ബി.ജെ.പിയുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്നുമുള്ള അണ്ണാമലൈയുടെ പരാമര്‍ശമാണ് വിവാദത്തിലായത്.

തമിഴ്‌നാട്ടിലെ ബി.ജെ.പിയുടെ പൊതുയോഗത്തിലായിരുന്നു മാധ്യമങ്ങള്‍ക്കെതിരെയുളള കെ. അണ്ണാമലൈയുടെ പരാമര്‍ശം. മാധ്യമങ്ങളുടെ വിമര്‍ശനങ്ങളില്‍ പ്രവര്‍ത്തകര്‍ ഭയക്കേണ്ടതില്ലെന്നും മാധ്യമ വിചാരണയ്ക്ക് അവസാനം കുറിക്കുമെന്നും യോഗത്തില്‍ അണ്ണാമലൈ പറഞ്ഞു.

കേന്ദ്ര സഹമന്ത്രിയായ തമിഴ്നാട് മുന്‍ ബി.ജെ.പി. അധ്യക്ഷന്‍ എല്‍. മുരുകന്‍ ഇത് നടപ്പാക്കുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അദ്ദേഹത്തിന്റെ കൈയ്യില്‍ സുരക്ഷിതമാണെന്നും അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ അണ്ണാമലൈയെ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനായി തെരഞ്ഞെടുത്തത്. തമിഴ്നാട് അധ്യക്ഷനായിരുന്ന എല്‍. മുരുകനെ കേന്ദ്രസഹമന്ത്രിയായി നിയമിച്ചതിന് പിന്നാലെയാണ് അണ്ണാമലൈയെ തമിഴ്നാട് ബി.ജെ.പി. അധ്യക്ഷനായി തെരഞ്ഞെടുത്തത്.

2000 ത്തിലാണ് അണ്ണാമലൈ ഐ.പി.എസ്. പദവി രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. അണ്ണാമലൈയുടെ പരമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: BJP Tamilnadu State president Annamalai statement gone controversial

We use cookies to give you the best possible experience. Learn more