ന്യൂദല്‍ഹി: നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്നു വിളിച്ച ബി.ജെ.പി എം.പി പ്രജ്ഞാ സിങ് താക്കൂറിനെതിരെ നടപടിയുമായി പാര്‍ട്ടി. പ്രജ്ഞയെ പ്രതിരോധ സമിതിയില്‍ നിന്ന് ഒഴിവാക്കുന്നതായി ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡ അറിയിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളത്തിനിടെ നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളിലും പ്രജ്ഞയെ പങ്കെടുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
പ്രസ്താവന അപലപനീയമാണെന്നും അത്തരം പ്രസ്താവനകളെയോ ആശയത്തെയോ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും നഡ്ഡ വ്യക്തമാക്കി.
ഇന്നലെ ലോക്‌സഭയില്‍ എസ്.പി.ജി ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് പ്രജ്ഞ വിവാദ പ്രസ്താവന നടത്തിയത്. ഡി.എം.കെ അംഗമായ എ. രാജ മഹാത്മാ ഗാന്ധിയെ എന്തുകൊണ്ടു താന്‍ വധിച്ചുവെന്ന ഗോഡ്‌സെയുടെ വാക്കുകള്‍ ഉദ്ധരിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഗാന്ധിയെ വധിക്കുന്നതിനും 32 വര്‍ഷങ്ങള്‍ക്കു മുന്‍പേ അദ്ദേഹത്തോടു വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഗോഡ്‌സെ പറഞ്ഞതായി രാജ പറഞ്ഞിരുന്നു. ഇതിനിടെ രാജയെ ഖണ്ഡിച്ചുകൊണ്ടാണ് പ്രജ്ഞ രംഗത്തെത്തിയത്. ഒരു ദേശഭക്തനെ ഉദാഹരിക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷകക്ഷികള്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.