ന്യൂദല്‍ഹി:തന്റെ പി.എച്ച്.ഡി പ്രബന്ധം പരസ്യമാക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദിച്ച ബി.ജെ.പി അനുഭാവിയായ മാധ്യമപ്രവര്‍ത്തക സുബ്രസ്തയ്ക്ക് മറുപടിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി നേതാവായിരുന്ന ഉമര്‍ ഖാലിദ്. തന്റെ പ്രബന്ധം ജെ.എന്‍.യു ലൈബ്രറിയില്‍ ലഭിക്കുമെന്നും, എന്നാല്‍ മോദി തന്റെ പൊളിറ്റിക്കല്‍ സയന്‍സിലെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ധൈര്യപ്പെടുമോയെന്നും ഉമര്‍ ചോദിച്ചു.
‘കനയ്യ കുമാറിന്റെ പി.എച്ച്.ഡി പ്രബന്ധം വായിച്ചതോടെ എനിക്ക് ഈ വ്യക്തിയുടെ പ്രബന്ധവും വായിക്കാന്‍ താല്‍പര്യം തോന്നുന്നു. ആര്‍ക്കെങ്കിലും സഹായിക്കാമോ. പ്രബന്ധം പരസ്യമാക്കാനുള്ള ധൈര്യം ഉമര്‍ ഖാലിദ് കാണുമോയെന്ന് എനിക്ക് സംശയമാണ്. തന്റെ രാഷ്ട്രീയം പരസ്യമാക്കിയതു പോലെ പ്രബന്ധവും പരസ്യമാക്കാന്‍ ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയാണ്’- എന്നായിരുന്നു സുബ്രസ്തയുടെ ട്വീറ്റ്.
‘മാഡം, നിങ്ങള്‍ കളിയാക്കാന്‍ വേണ്ടി മാത്രം പറഞ്ഞതല്ലെങ്കില്‍, നിങ്ങള്‍ക്ക് നിര്‍ബന്ധമാണെങ്കില്‍ ജെ.എന്‍.യു ലൈബ്രറിയില്‍ അതിന്റെ പകര്‍പ്പ് ലഭിക്കും. അതേസമയം, നിങ്ങളുടെ മോദിജി അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സയന്‍സിലെ ഡിഗ്രി പരസ്യമാക്കാന്‍ ധൈര്യപ്പെടുമോ. നാഷന്‍ വാണ്ട്സ് റ്റു നോ (രാജ്യത്തിനറയിണം)’- എന്നായിരുന്നു ഉമറിന്റെ മറുപടി.
ജാര്‍ഖണ്ഡിലെ ആദിവാസികള്‍ എന്ന വിഷയത്തിലാണ് ഉമര്‍ ഖാലിദ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.
പ്രക്ഷുബ്ധമായ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ തന്നോടൊപ്പം നിന്ന ജെ.എന്‍.യു സമൂഹത്തിനും തന്റെ സൂപ്പര്‍വൈസര്‍ ഡോ. സംഗീത ദാസ്ഗുപ്ത, എക്സ്റ്റേണല്‍ എക്സാമിനേഴ്സ് പ്രൊഫ. പ്രഭു മഹാപാത്ര, പ്രൊഫ. റോഹന്‍ ഡിസൂസ എന്നിവര്‍ക്കും ഉമര്‍ ഖാലിദ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ നന്ദി അറിയിച്ചു. ഇവര്‍ മൂവര്‍ക്കുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
തന്റെ പി.എച്ച്.ഡി പ്രബന്ധങ്ങള്‍ സ്വീകരിക്കുന്നില്ലെന്നു കഴിഞ്ഞവര്‍ഷം ഉമര്‍ ഖാലിദ് ആരോപിച്ചിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തികള്‍ ചെയ്തുവെന്നാരോപിച്ചാണ് ഉമര്‍ ഖാലിദിന്റെയും മറ്റൊരു വിദ്യാര്‍ഥിയുടെയും പ്രബന്ധങ്ങള്‍ സര്‍വകലാശാല മടക്കിയയച്ചത്.
2016 ഫെബ്രുവരി 9-ന് സര്‍വകലാശാല ക്യാംപസില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് കനയ്യ കുമാറും ഉമര്‍ ഖാലിദും അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഇത് ചൂണ്ടിക്കാണിച്ചാണ് സര്‍വകലാശാല അധികൃതരുടെ നടപടി.
2016-ലെ ജെ.എന്‍.യു സംഭവത്തിന് ശേഷം ഉമര്‍ഖാലിദിനും ഷെഹ്ല റാഷിദിനും കനയ്യകുമാറിനുമെതിരെ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്നും തവണ വധഭീഷണികളും കയ്യേറ്റ ശ്രമങ്ങളുമുണ്ടായിരുന്നു.