ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന് രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എയെ സസ്‌പെന്‍ഡ് ചെയ്തു. എം.എല്‍.എ ശോഭാ റാണിയെയാണ് ബി.ജെ.പിയുടെ ഡിസിപ്ലിനറി കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രമോദ് തിവാരിയെ പിന്തുണച്ച് വോട്ട് ചെയ്തതിനാണ് ബി.ജെ.പി എം.എല്‍.എക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
സസ്‌പെന്‍ഷന്‍ വിവരം പറഞ്ഞുകൊണ്ട് ബി.ജെ.പിയുടെ സെന്‍ട്രല്‍ ഡിസിപ്ലിനറി കമ്മിറ്റി സെക്രട്ടറി ഓം പഥക് ശോഭാ റാണിക്ക് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ എം.എല്‍.എയോട് വിശദീകരണവും ചോദിച്ചിട്ടുണ്ട്.
വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുള്ളതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പിയുടെ രാജസ്ഥാന്‍ യൂണിറ്റിന്റെ അഭിപ്രായം കേട്ട ശേഷമായിരിക്കും അന്വേഷണത്തിലേക്ക് കടക്കുക.
അതേസമയം, സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ എം.എല്‍.എ ശോഭാ റാണി തയ്യാറാകാതിരുന്നാല്‍ അവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുമെന്നും കത്തിലുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വെള്ളിയാഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ വിജയിച്ചിരുന്നു. രണ്‍ദീപ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, പ്രമോദ് തിവാരി എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിച്ചിരുന്നു. ഘനശ്യാം തിവാരിയാണ് വിജയിച്ചത്. ബി.ജെ.പി പിന്തുണച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ്ര പരാജയപ്പെട്ടിരുന്നു.
57 സീറ്റുകളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നായി വിവിധ പാര്‍ട്ടികളില്‍പെട്ട 41 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഒഴിവുവന്ന 57 സീറ്റുകളില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം ഉള്‍പ്പെടെ 41 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ജയറാം രമേശും ബി.ജെ.പിയുടെ നിര്‍മല സീതാരാമനും വിജയിച്ചു.