| Sunday, 17th September 2017, 6:13 pm

റോഹിങ്ക്യരെ പിന്തുണച്ചതിന് മുസ്‌ലിം നേതാവിനെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ച് സംസാരിച്ചതിന് അസമില്‍ മുസ്‌ലിം വനിതാ നേതാവിനെ ബി.ജെ.പി പുറത്താക്കി. ബി.ജെ.പി മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് മെമ്പറായ ബെനാസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. റോഹിങ്ക്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് നടപടി.

മുത്തലാഖ് വിഷയത്തില്‍ ബി.ജെ.പിയുടെ മുഖ്യപ്രചാരകയായിരുന്നു അര്‍ഫാന്‍. വിശദീകരണം തേടാതെയാണ് തന്നെ പുറത്താക്കിയതെന്ന് അര്‍ഫാന്‍ പറഞ്ഞു.

“മുത്തലാഖിന്റെ ഇരയെന്ന നിലയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുത്തലാഖ് വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായത്. ഇപ്പോള്‍ ഒരു വിശദീകരണത്തിന് പോലും സമയം നല്‍കാതെ പാര്‍ട്ടി തന്നെ ത്വലാഖ് ചൊല്ലിയിരിക്കുകയാണ്” എന്‍ജിനീയര്‍ കൂടിയായ അര്‍ഫാന്‍ പറഞ്ഞു.


Read more:  രാജസ്ഥാനിലെ കര്‍ഷകരാണ് താരം: ‘ഗോമാതാ’ രാഷ്ട്രീയം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു


സെപ്റ്റംബര്‍ 16ന് യുണൈറ്റഡ് മൈനോറിറ്റി പീപ്പിള്‍സ് ഫോറം സംഘടിപ്പിച്ച നിരാഹാരത്തില്‍ പരിപാടിയില്‍ പങ്കെടുക്കാനാണ് ബെനാസീര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നത്.

മ്യാന്‍മാര്‍ വിഷയത്തില്‍ മറ്റൊരു സംഘടന നടത്തുന്ന പരിപാടിക്ക് പിന്തുണ തേടിയത് പാര്‍ട്ടിയുടെ സമ്മതം വാങ്ങാതെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ അര്‍ഫാന് അയച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

2016ല്‍ അസമിലെ ജനിയ മണ്ഡലത്തില്‍ അര്‍ഫാന്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു.

നിയമസഭയില്‍ റോഹിങ്ക്യവിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അസം അസംബ്ലിയില്‍ വാക്കൗട്ട് നടത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more