| Tuesday, 30th August 2022, 8:02 pm

നാവ് കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചു, ദേഹമാസകലം ചുട്ടുപൊള്ളിച്ചു; ആദിവാസി- വീട്ടുജോലിക്കാരിയോട് ബി.ജെ.പി നേതാവിന്റെ ക്രൂരത

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ആദിവാസി വിഭാഗത്തില്‍പ്പെട്ട വീട്ടുജോലിക്കാരിയോട് ക്രൂരമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് ബി.ജെ.പി നേതാവിന് സസ്‌പെന്‍ഷന്‍. ബി.ജെ.പി ജാര്‍ഖണ്ഡ് വനിതാ വിഭാഗം ദേശീയ വര്‍ക്കിങ് കമ്മറ്റി അംഗമായ സീമ പത്രയ്‌ക്കെതിരെയാണ് നടപടി. ബേടി ബചാവോ, ബേടി പഠാവോ പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണിവര്‍. സീമയുടെ ഭര്‍ത്താവ് മഹേശ്വര്‍ പത്ര വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.

ശാരീരിക ഉപദ്രവം നേരിടേണ്ടി വന്നെന്ന് വീട്ടുജോലിക്കാരി പറയുന്ന വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് സീമ പത്രയ്‌ക്കെതിരെ നടപടിയെടുത്തത്. ജാര്‍ഖണ്ഡിലെ ബി.ജെ.പി അധ്യക്ഷന്‍ ദീപക് പ്രകാശാണ് സീമ പത്രയെ സസ്‌പെന്‍ഡ് ചെയ്തത്.

സുനിത എന്ന വീട്ടുജോലിക്കാരി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിലയിലാണ് ദൃശ്യത്തിലുള്ളത്. പല്ലുകള്‍ നഷ്ടപ്പെട്ട നിലയിലും, എഴുന്നേറ്റു ഇരിക്കാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു അവര്‍. ശരീരത്തില്‍ നിറയെ മുറിവുകളുമുണ്ട്. ക്രൂരതയുടെ ദൃശ്യം പുറത്തുവന്നതോടെ സീമ പത്രയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു.

29 വയസ്സുള്ള സുനിത 10 വര്‍ഷമായി സീമയുടെ വീട്ടിലെ ജോലിക്കാരിയാണ്. ആറ് വര്‍ഷത്തിനിടെ നിരവധി തവണ ഉപദ്രവിക്കപ്പെട്ടെന്ന് സുനിത പറയുന്നു.

ചൂടുള്ള തവിയും വടിയും ഉപയോഗിച്ച് മര്‍ദിച്ചു. മര്‍ദനത്തിനിടെ തന്റെ പല്ലുകള്‍ പൊട്ടിപ്പോയി. തറയില്‍ നിന്ന് മൂത്രം നക്കാന്‍ നിര്‍ബന്ധിച്ചെന്നും സുനിത ആരോപിച്ചു. ഇങ്ങനെ ഉപദ്രവിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ലെന്നും സുനിത വീഡിയോയില്‍ പറഞ്ഞു. സുനിതയുടെ നാവ് കൊണ്ട് കക്കൂസ് വൃത്തിയാക്കിച്ചിട്ടുണ്ട് എന്ന പരാതിയുമുണ്ടായിട്ടുണ്ട് എന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സീമയുടെ മകന്‍ ആയുഷ്മാന്‍ സുനിതയെ സഹായിച്ചു. ആയുഷ്മാന്‍ കാരണമാണ് താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതെന്ന് കണ്ണീരോടെ സുനിത പറഞ്ഞു.

സുനിതയുടെ ദുരിതം സഹോദരിയെ അറിയിച്ചിരുന്നുവെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. ഒരു സുഹൃത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സുനിതയെ രക്ഷപ്പെടുത്തിയത്.

ഇപ്പോള്‍ റാഞ്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സുനിത. സുഖം പ്രാപിച്ചാല്‍ താന്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സുനിത പറഞ്ഞു. യുവതിയുടെ പരാതിയില്‍ പൊലീസ് സീമയുടെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഉടന്‍ സുനിതയുടെ മൊഴി രേഖപ്പെടുത്തും. തുടര്‍ന്ന് സീമ പത്രയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

Content Highlight: BJP Suspends Jharkhand Leader Accused of Torturing Tribal Domestic Worker

We use cookies to give you the best possible experience. Learn more