ഷിംല: ഹിമാചല്‍ പ്രദേശില്‍ വിമതസ്വരം ഉയര്‍ത്തിയ അഞ്ച് നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ബി.ജെ.പി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് ബി.ജെ.പിയുടെ നടപടി. തെരഞ്ഞെടുപ്പില്‍ വിമതനായി പത്രിക നല്‍കിയ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ ഉള്‍പ്പടെയുള്ളവരെയാണ് പുറത്താക്കിയത്.
മുന്‍ എം.എല്‍.എമാരായ തേജ്വന്ത് സിങ് നേഗി, കിഷോരി ലാല്‍, മനോഹര്‍ ധിമാന്‍, കെ.എല്‍. ഠാക്കൂര്‍, കൃപാല്‍ പര്‍മാര്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. കൃപാല്‍ പര്‍മാര്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതോടെ ഈ അഞ്ച് നേതാക്കളും സ്വതന്ത്ര സ്ഥാനാര്‍ഥികളായി വിവിധ മണ്ഡലങ്ങളില്‍ പത്രിക നല്‍കുകയായിരുന്നു.
നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം കഴിഞ്ഞപ്പോഴും ഇവര്‍ പത്രിക പിന്‍വലിക്കാത്തത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, വിമതനായി മാറിയ മുന്‍ എം.പി മഹേശ്വര്‍ സിങ്ങിനെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കുന്നതില്‍ ബി.ജെ.പി വിജയിച്ചു.
ഫതേപുരില്‍ നിന്നാണ് കൃപാല്‍ പര്‍മാര്‍ സ്വതന്ത്രനായി മത്സരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേഷ്യ കശ്യപ് ആണ് അഞ്ച് നേതാക്കളെ ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തകാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നുവെന്നാണ് കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
അതേസമയം, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തംപാര്‍ട്ടിയെ വെല്ലുവിളിച്ച് വിമത സ്ഥാനാര്‍ഥികളായവര്‍ ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും തലവേദനയാകുകയാണ്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോള്‍ പതിനഞ്ചിലേറെ വിമതരാണ് മത്സര രംഗത്തുള്ളത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാനദിവസം കഴിഞ്ഞപ്പോള്‍ ഹിമാചലിലെ 68 സീറ്റുകളിലേക്കായി 412 പേരാണ് രംഗത്തുള്ളത്. നവംബര്‍ 12നാണ് ഹിമാചലില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.