എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു, പരാമര്‍ശത്തിന് പിന്നാലെ സസ്‌പെന്‍ഷന്‍; വിദ്വേഷ പ്രസ്താവനയിൽ വക്താക്കളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി
national news
എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു, പരാമര്‍ശത്തിന് പിന്നാലെ സസ്‌പെന്‍ഷന്‍; വിദ്വേഷ പ്രസ്താവനയിൽ വക്താക്കളെ സസ്പെൻഡ് ചെയ്ത് ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th June 2022, 4:50 pm

ന്യൂദല്‍ഹി: എല്ലാ മതങ്ങളേയും ബഹുമാനിക്കണമെന്ന പ്രസ്താവനയ്ക്ക് പിന്നാലെ വിവാദ പരാമര്‍ശം നടത്തിയ വക്താക്കളെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി.

ബി.ജെ.പി വക്താക്കളായ നുപുര്‍ ശര്‍മ, നവീന്‍ ജിന്‍ഡല്‍ എന്നിവരെയാണ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരിക്കുന്നത്. എന്‍.ഡി.ടി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു. ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു- എന്നായിരുന്നു ബി.ജെ.പി നേരത്തെ പുറത്തുവിട്ട വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നത്. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതിനെ ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലവില്‍ പാര്‍ട്ടി എടുത്ത നിലപാടിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകളാണെന്ന പ്രചരണങ്ങളും ഉയരുന്നുണ്ട്.

അടുത്തിടെ ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മുഹമ്മദ് നബിയെയും പത്‌നിമാരെയും അവഹേളിച്ച് ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ കാന്‍പൂരില്‍ പ്രതിഷേധം ശക്തമായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി പരേഡ് മാര്‍ക്കറ്റില്‍ ഒരു വിഭാഗം വ്യാപാരികള്‍ കടകള്‍ അടയ്ക്കുകയും മറ്റുള്ളവരെ അടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

നുപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ശര്‍മയ്‌ക്കെതിരെ മഹാരാഷ്ട്രയിലും തെലങ്കാനയിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശര്‍മ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു സംഘം പ്രതിഷേധിച്ചത്. അതേസമയം നുപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം ചാനലിന്റേതല്ലെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അനാവശ്യമായ ഭാഷ ഉപയോഗിക്കരുതെന്നും ടൈംസ് നൗ പ്രതികരിച്ചു.

Content Highlight: BJP suspended spokespersons over controversial statement on prophet