| Friday, 17th May 2019, 3:26 pm

'ഗാന്ധിജി പാക്കിസ്ഥാന്റെ രാഷ്ട്രപിതാവെന്ന പരാമര്‍ശം'; അനില്‍ സൗമിത്രയെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞ സിങ് ഠാക്കൂറിന്റെ ഗോഡ്‌സെ അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന് പറഞ്ഞ് രംഗത്തെത്തിയ ഗുജറാത്തിലെ ബി.ജെ.പി മാധ്യമവിഭാഗം തലവന്‍ അനില്‍ സൗമിത്രയെ ബി.ജെ.പി സസ്‌പെന്‍ഡ് ചെയ്തു.

ബി.ജെ.പിയുടെ എല്ലാ പദവികളില്‍ നിന്നും സൗമിത്രയെ പുറത്താക്കി. മഹാത്മാ ഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നും കോണ്‍ഗ്രസാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവാക്കിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യയ്ക്ക് അങ്ങിനെയൊരു രാഷ്ട്രപിതാവിനെ ആവശ്യമില്ലെന്നും അനില്‍ സൗമിത്ര പറഞ്ഞിരുന്നു.

നേരത്തേ പ്രജ്ഞ സിങ് ഠാക്കൂര്‍ നാഥൂറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് വിശേഷിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രജ്ഞയ്ക്ക് പിന്തുണയുമായി  കേന്ദ്രമന്ത്രി അനന്ദ് കുമാര്‍ ഹെഗ്ഡെയും ബി.ജെ.പി എം. പി നളിന്‍ കുമാര്‍ കട്ടീലും രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രജ്ഞ സിങ്ങിന്റെ പ്രസ്താവനയെ ബി.ജെ.പി തള്ളിക്കളഞ്ഞതോടെ ഇരുവരും ഖേദപ്രകടനവുമായി എത്തി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഗോഡ്‌സെ ആണെന്ന കമലഹാസന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നതിനിടയിലായിരുന്നു പ്രജ്ഞ സിങ്ങിന്റെ വിവാദ പരാമര്‍ശം.

‘ഗോഡ്‌സെ രാജ്യ സ്‌നേഹിയയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായിരിക്കും. ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണം. ഇവര്‍ക്ക് ജനം തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും’- എന്നായിരുന്നു അവര്‍ പറഞ്ഞത്.

പ്രജ്ഞാ സിങ്ങിനെ തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more