കോഴിക്കോട്: ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്ത വിവാദത്തില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പിന് പിന്തുണയുമായി ബി.ജെ.പി.
മേയര്‍ എന്ന നിലയിലാണ് ബീനാ ഫിലിപ്പ് പരിപാടിയില്‍ പങ്കെടുത്തത്. സിപി.ഐ.എം പരിപാടിയില്‍ പങ്കെടുക്കണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, സാംസ്‌കാരിക വേദികളില്‍ വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവര്‍ ഒരുമിച്ച് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ.സജീവന്‍ പറഞ്ഞു.
നേരത്തെ തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയറായിരുന്നപ്പോഴും സമാനമായ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും വി.കെ.സജീവന്‍ പറഞ്ഞു.
അതേസമയം സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മേയര്‍ ബീനാ ഫിലിപ്പ് രംഗത്തെത്തി.
താന്‍ അമ്മമാരുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നും, ബാലഗോകുലം ആര്‍.എസ്.എസിന്റെ പോഷകസംഘടനയെന്ന് തോന്നിയിട്ടില്ലെന്നും മേയര്‍ വിവാദത്തില്‍ പ്രതികരിച്ചു.
തന്റെ മനസ്സില്‍ വര്‍ഗീയതയുടെ ഒരു കണികയുമില്ലെന്നും, പാര്‍ട്ടി പരിപാടിക്ക് പോകരുതെന്ന് കര്‍ശനമായി പറഞ്ഞിട്ടില്ലെന്നും മേയര്‍ വ്യക്തമാക്കി.
കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പരിപാടിയില്‍ പറഞ്ഞത്. വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ വിശദീകരിച്ചു.
സംഘപരിവാര്‍ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് പങ്കെടുത്തതും ഉദ്ഘാടന പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശവുമാണ് വിവാദത്തിലായത്.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേ ഇന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നുമാണ് ബാലഗോകുലത്തിന്റെ മാതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ സി.പി.ഐ.എം മേയര്‍ നടത്തിയ പരാമര്‍ശം.
‘പ്രസവിക്കുമ്പോള്‍ കുട്ടികള്‍ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതല്‍ അവരെ സ്‌നേഹിക്കണം’. കേരളീയര്‍ കുട്ടികളെ സ്‌നേഹിക്കുന്നതില്‍ സ്വാര്‍ത്ഥരാണെന്നും ബീന ഫിലിപ്പ് പ്രസംഗത്തില്‍ പറഞ്ഞു.
അതിനിടെ ബീനാ ഫിലിപ്പ് ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തത് സി.പി.ഐ.എം അംഗീകരിക്കുമോയെന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. സി.പി.ഐ.എം- ആര്‍.എസ്.എസ് ബന്ധം ശരി വെക്കുന്ന സംഭവമാണിതെന്നും സി.പി.ഐ.എം മേയര്‍ മോദി-യോഗി ഭക്തയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം പാര്‍ട്ടി അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ചോദിച്ചു.
Content Highlight: BJP Supporting Kozhikode Mayor Beena Philip