ബി.ജെ.പി പ്രവര്‍ത്തകര്‍ കയ്യില്‍ ബലം പ്രയോഗിച്ച് മഷിപുരട്ടി; ഇനി വോട്ടു ചെയ്യുന്നതെങ്ങനെയെന്ന് കാണണമെന്ന് ഭീഷണിപ്പെടുത്തി: ഗുരുതര ആരോപണവുമായി യു.പിയിലെ ഗ്രാമവാസികള്‍
ചണ്ഡൗളി: വോട്ടു ചെയ്യാന്‍ പോകുന്നതിനു മുമ്പു തന്നെ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ കയ്യില്‍ ബലം പ്രയോഗിച്ച് മഷി പുരട്ടിയെന്ന ആരോപണവുമായി യു.പിയിലെ ഒരു കൂട്ടം ഗ്രാമവാസികള്‍. താര ജാവന്‍പൂര്‍ ഗ്രാമവാസികളാണ് പരാതിയുമായി രംഗത്തെത്തിയത്.
ശനിയാഴ്ച മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി 500 രൂപ തന്നശേഷം വിരലില്‍ മഷിപുരട്ടിയെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ‘ഏതു പാര്‍ട്ടിക്കാണ് വോട്ടു ചെയ്യുകയെന്ന് ചോദിച്ചു. നിങ്ങള്‍ക്ക് ഇനി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യം ആരോടും പറയരുതെന്നും പറഞ്ഞു’ എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് ചൗണ്ഡൗളി എസ്.ഡി.എം ഹാര്‍ഷ് പറഞ്ഞു. പരാതി പ്രകാരം നടപടിയെടുക്കും. തെരഞ്ഞെടുപ്പ് ആ സമയത്ത് തുടങ്ങിയിട്ടില്ലാത്തതിനാല്‍ അവര്‍ക്ക് ഇനിയും വോട്ടു ചെയ്യാം. ബലം പ്രയോഗിച്ചാണ് അവരുടെ കയ്യില്‍ മഷി പുരട്ടിയതെന്ന് അവര്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെയാണ് ആരംഭിച്ചത്. 59 പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
ബീഹാറിലെ എട്ട്, ജാര്‍ഖണ്ഡിലെ മൂന്ന്, മധ്യപ്രദേശിലെ ഏഴ്, ഉത്തര്‍പ്രദേശിലെ 13, പശ്ചിമബംഗാളിലെ ഒമ്പത്, ഹിമാചല്‍ പ്രദേശിലെ നാല് , പഞ്ചാബിലെ 13, ചണ്ഡീഗഢ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള 918 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.12ലക്ഷം പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്.
വോട്ടെടുപ്പിനിടെ വ്യാപകമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത പശ്ചിമബംഗാളില്‍ കനത്ത സുരക്ഷയാണ് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 111 സ്ഥാനാര്‍ത്ഥികളാണ് ബംഗാളില്‍ ജനവിധി തേടുന്നത്. 17058 പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.