ചെന്നൈ: ബി.ജെ.പിയ്ക്ക് അനുയോജ്യനായ ആള്‍ രജനീകാന്താണെന്ന് കമല്‍ഹാസന്‍. ന്യൂസ് 18 ന് അനുവദിച്ച അഭിമുഖത്തിലാണ് കമലിന്റെ പരാമര്‍ശം. താനൊരു യുക്തിവാദിയാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
” രജനി മതപരമായി വിശ്വാസമുള്ളയാളാണ്. അതുകൊണ്ട് അദ്ദേഹത്തിന് ബി.ജെ.പി എന്ന പാര്‍ട്ടി ചേരും. ഞാന്‍ ഒരു യുക്തിവാദിയാണ്. ”
Also Read: കേരളത്തിലുമൊരു റാം റഹീം സിങ് വേണമോ? വിവാദയോഗാ കേന്ദ്രത്തിനെതിരെ ഹൈക്കോടതി
ദ്രാവിഡ പാര്‍ട്ടികള്‍ക്കെതിരെയായിരുക്കും തന്റെ രാഷ്ട്രീയപാര്‍ട്ടിയെന്നും കമല്‍ പറഞ്ഞു. അഴിമതിയാണ് രണ്ടു പാര്‍ട്ടികളുടെയും മുഖമുദ്ര. അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് തന്റേതെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ അച്ഛേ ദിന്‍ വന്നിട്ടില്ലെന്നും കമല്‍ അഭിപ്രായപ്പെട്ടു.
താന്‍ ജാതീയതക്കെതിരാണെന്നും എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലെന്നും കമല്‍ വ്യക്തമാക്കി. താന്‍ ആരാധിക്കുന്നവരില്‍ ഭൂരിഭാഗം പേരും കമ്മ്യൂണിസ്റ്റ് നേതാക്കളാണെന്നും താരം പറഞ്ഞു.
” ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. പക്ഷെ അത് തുടങ്ങുന്നത് എന്റെ വീട്ടില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ്. ഉത്തരേന്ത്യയെന്നും ദക്ഷിണേന്ത്യയെന്നുമുള്ള വിഭാഗീയത ഇവിടെയുണ്ട്. ദല്‍ഹിക്ക് തമിഴ്‌നാടിന്റെ വികാരവും തിരിച്ചും മനസിലാക്കാന്‍ കഴിയില്ല. ”
നേരത്തെ രാഷ്ട്രീയപ്രവേശനത്തിനു തയ്യാറായ രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഒരുക്കമാണെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. അരവിന്ദ് കെജ്രിവാളുമായി കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.