| Monday, 22nd March 2021, 2:45 pm

ബി.ജെ.പിക്ക് തിരിച്ചടി; നാമനിര്‍ദ്ദേശ പത്രിക തള്ളിയ നടപടിയില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചിയില്‍: നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹരജികളില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.

ഗുരുവായൂര്‍, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളായിരുന്നു കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

വിജ്ഞാപനം വന്ന ശേഷം ഹരജികളില്‍ ഇടപെടാന്‍ കഴിയില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും എന്‍.ഡി.എയ്ക്കു സ്ഥാനാര്‍ഥികള്‍ ഇല്ലെന്ന കാര്യം ഉറപ്പായി.

തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ്, പത്രിക തള്ളിയതിന് എതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയത്.
തെരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

തലശ്ശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിദാസ്, ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ.നിവേദിത സുബ്രഹ്മണ്യന്‍, ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ആര്‍.എം ധനലക്ഷ്മി എന്നിവരുടെ പത്രികകളാണ് തള്ളിയത്. തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്.

Content Highlits: BJP suffers setback; The High Court will not interfere in the rejection of the nomination papers

Latest Stories

We use cookies to give you the best possible experience. Learn more