| Tuesday, 2nd July 2024, 4:58 pm

മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി; നാലില്‍ രണ്ടിടത് ശിവസേന ഒന്നിലൊതുങ്ങി ബി.ജെ.പിയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി. തെരഞ്ഞെടുപ്പില്‍ ശിവസേന (യു.ബി.ടി) രണ്ടും ബി.ജെ.പി ഒരു സീറ്റും സംസ്ഥാനത്ത് നേടി. മുംബൈ ഗ്രാജ്വേറ്റ്സ്, മുംബൈ ടീച്ചേഴ്സ് മണ്ഡലങ്ങളിലാണ് ശിവസേന വിജയിച്ചത്. മത്സരിച്ചതില്‍ കൊങ്കണ്‍ ഗ്രാജ്വേറ്റ്സ് മണ്ഡലം മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്.

മുംബൈ ഗ്രാജ്വേറ്റ് മണ്ഡലത്തില്‍ ബി.ജെ.പിയുടെ കിരണ്‍ ഷെലാറിനെ പരാജയപ്പെടുത്തി ശിവസേന സ്ഥാനാര്‍ത്ഥി അനില്‍ പരബാണ് വിജയിച്ചത്. പരബ് 44,784 വോട്ടുകള്‍ നേടിയപ്പോള്‍ ഷെലാറിന് 18,772 വോട്ടുകളാണ് ലഭിച്ചത്. മുംബൈ ടീച്ചേഴ്സ് മണ്ഡലത്തില്‍ ശിവസേനയുടെ ജെ.എം. അഭ്യങ്കര്‍ ആണ് വിജയിച്ചത്. സാധുവായ 11,598 വോട്ടുകളില്‍ 4,083 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അഭ്യങ്കര്‍ മുംബൈ ടീച്ചേഴ്സ് മണ്ഡലം പിടിച്ചെടുത്ത്.

കോണ്‍ഗ്രസിലെ രമേഷ് കീറിനെ പരാജയപ്പെടുത്തിയാണ് കൊങ്കണ്‍ ഗ്രാജ്വേറ്റ്സ് സീറ്റില്‍ ബി.ജെ.പിയുടെ നിരഞ്ജന്‍ ദാവ്ഖരെ വിജയിച്ചത്. ദവ്ഖരെയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ലഭിച്ചപ്പോള്‍ രമേശ് കീര്‍ 28,500 വോട്ടുകള്‍ മാത്രമാണ് നേടിയത്. 1.43 ലക്ഷം വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകളില്‍ 1.3 ലക്ഷം വോട്ടുകളും സാധുവായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

മുംബൈ ഗ്രാജ്വേറ്റ്സ് മണ്ഡലം, കൊങ്കണ്‍ ഗ്രാജ്വേറ്റ്സ് മണ്ഡലം, മുംബൈ ടീച്ചേഴ്‌സ് മണ്ഡലം, നാസിക് ടീച്ചേഴ്‌സ് മണ്ഡലം എന്നിവയിലേക്കുള്ള ദ്വിവത്സര തെരഞ്ഞെടുപ്പ് ജൂണ്‍ 26ന് ആണ് നടന്നത്.

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ എന്‍.സി.പിയ്ക്കായി ശിവസേനയും കോണ്‍ഗ്രസും വിട്ടുവീഴ്ച്ച നടത്തിയിരുന്നു. പരസ്പരം സീറ്റുകള്‍ വിട്ടുനല്‍കിയാണ് ഇന്ത്യാ സഖ്യത്തിലെ മുന്നണികള്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്‍.സി.പി (ശരദ് പവാര്‍ പക്ഷം)യ്ക്ക് വേണ്ടി കൊങ്കണ്‍ ഗ്രാജ്വേറ്റ്സ് മണ്ഡലത്തില്‍ നിന്ന് കിഷോര്‍ ജെയ്‌നിന്റെ നാമനിര്‍ദേശ പത്രികയാണ് ശിവസേന പിന്‍വലിച്ചത്. നാസിക് ടീച്ചേഴ്‌സ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് കോണ്‍ഗ്രസും പിന്‍വാങ്ങിയിരുന്നു.

ലോക്സഭയിലെ തിരിച്ചടിക്ക് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി വെട്ടിലായത്. ലോക്സഭയിലേക്കുള്ള 48 സീറ്റിൽ 30 സീറ്റും ഇന്ത്യാ സഖ്യം നേടിയപ്പോൾ എൻ.ഡി.എ സഖ്യം 17 ലേക്ക് ഒതുങ്ങുകയായിരുന്നു. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്തു.

Content Highlight: BJP suffered a setback in the assembly by-elections in Maharashtra

We use cookies to give you the best possible experience. Learn more