ഡെറാഡൂണ്‍: നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് തിരിച്ചടി. അയോധ്യയ്ക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ് മണ്ഡലവും ബി.ജെ.പിയെ കൈയൊഴിഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ലഖപത് സിങ് ബൂട്ടോല മുന്‍ എം.എല്‍.എ രാജേന്ദ്ര ഭണ്ഡാരിക്കെതിരെ 5224 വോട്ടുകള്‍ക്ക് വിജയിച്ചു. ലോക്‌സഭയില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബദരീനാഥിലെ പരാജയവും.
ഉത്തരാഖണ്ഡില്‍ ബദരീനാഥ് സീറ്റിന് പുറമെ മംഗളൂരു മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഖാസി മുഹമ്മദ് നിസാമുദീന്‍ 422 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തില്‍ മംഗളൂരുവില്‍ വിജയിച്ചു. ബി.ജെ.പിയുടെ കര്‍താര്‍ സിങ് ഭദാനയെ പരാജയപ്പെടുത്തിയാണ് ഖാസി മുഹമ്മദ് നിസാമുദീന്‍ വിജയിച്ചത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഉത്തരാഖണ്ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയുടെ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നു. 70 അംഗ നിയമസഭയില്‍ 47 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിന്റെ 20 എം.എല്‍.എമാരാണ് നിയമസഭയിലുള്ളത്. ബി.എസ്.പിയുടെ ഒന്നും ഒരു സ്വതന്ത്ര പ്രതിനിധിയും സഭയിലുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ ഡെഹ്റയിലും നലഗഢിലും കോണ്‍ഗ്രസ് വിജയിച്ചു. അതേസമയം ഹമീര്‍പൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ആശിഷ് ശര്‍മ 1571 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഡോ. പുഷ്പീന്ദര്‍ വര്‍മയെ പരാജയപ്പെടുത്തി. ഡെഹ്റയില്‍ 9399 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ കമലേഷ് താക്കൂര്‍ വിജയിച്ചത്. നലഗഢില്‍ 8990 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കെ.എല്‍. താക്കൂറിനെ കോണ്‍ഗ്രസിന്റെ ഹര്‍ദീപ് സിങ് ബാവ തോല്‍പ്പിച്ചത്.
അതേസമയം പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്, ബാഗ്ദ എന്നീ മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. മണിക്തലയില്‍ 57280 വോട്ടുകളുമായി ടി.എം.സിയുടെ സുപ്തി പാണ്ഡെ ലീഡ് ചെയ്യുകയാണ്.
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദ, മണിക്തല, തമിഴ്‌നാട്ടിലെ വിക്രവണ്ടി, മധ്യപ്രദേശിലെ അമര്‍വാര, ഉത്തരാഖണ്ഡിലെ ബദരീനാഥ്, മംഗളൂരു, പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റ്, ഹിമാചല്‍ പ്രദേശിലെ ഡെഹ്റ, ഹാമിര്‍പൂര്‍, നലഗഢ്, ബീഹാറിലെ റുപൗലി തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഫലം പ്രഖ്യാപിച്ച ഒമ്പത് മണ്ഡലങ്ങളില്‍ ഏഴിലും ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ വിജയിച്ചു. രണ്ട് സീറ്റില്‍ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. വിക്രവണ്ടിയില്‍ ഡി.എം.കെ ലീഡ് ചെയ്യുകയാണ്. ബീഹാറിലെ റുപൗലിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ശങ്കർ സിങ് വിജയിക്കുകയും ചെയ്തു.
Content Highlight: BJP suffered a setback in the assembly by-elections as well