| Wednesday, 11th November 2020, 3:46 pm

നിതീഷിനെ ക്ഷണിച്ച കോണ്‍ഗ്രസ് നീക്കത്തില്‍ പതറി ബി.ജെ.പി; തീരുമാനം പറയാതെ ജെ.ഡി.യുവും; സത്യപ്രതിജ്ഞയില്‍ അനിശ്ചിതത്വമോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: ജെ.ഡി.യു നേതാവായ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിന്റെ നടപടിയില്‍ പതറി ബി.ജെ.പി നേതൃത്വം. നിതീഷ് എന്‍.ഡി.എയ്‌ക്കൊപ്പം തുടരുമെന്ന് ബി.ജെ.പി ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ ഇത്രയായിട്ടും നിതീഷ് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയായി നിതീഷ് എന്ന് അധികാരമേല്‍ക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ദീപാവലിക്ക് ശേഷം ഉണ്ടായേക്കുമെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ കെ.സി ത്യാഗിയുടെ മറുപടി. കൃത്യമായി ഒരു മറുപടി നല്‍കാനോ നിതീഷിന്റെ നിലപാട് പറയാനോ അദ്ദേഹം തയ്യാറായില്ല.

അതേസമയം നിതീഷിനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്ല നിതീഷിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച ദിഗ്‌വിജയ് സിങ്ങിനെതിരെ രൂക്ഷവിമര്‍ശനമാണ് ബി.ജെ.പി നേതാവ് ഗിരിരാജ് സിങ് ഉന്നയിച്ചത്.

‘ നിതീഷ് കുമാര്‍ എന്‍.ഡി.എയുടെ നേതാവാണ്. ജയമോ തോല്‍വിയോ അദ്ദേഹത്തിന്റെ പദവിയെ ബാധിക്കില്ല. തേജസ്വി യാദവ് എന്താണ് നേടിയത്. അദ്ദേഹം നിതീഷ് കുമാറിനെതിരെ ഒരുപാട് സംസാരിച്ചല്ലോ. ഇപ്പോള്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ പറഞ്ഞിരിക്കുകയാണ് ബീഹാറിലെ ജനങ്ങള്‍. അതുപോലെ ദിഗ്‌വിജയ് സിങ് ആദ്യം അദ്ദേഹത്തിന്റെ സംസ്ഥാനത്തെ കാര്യങ്ങള്‍ നോക്കട്ടെ’, എന്നായിരുന്നു ഗിരിരാജ് സിങ് പറഞ്ഞത്.

അതുപോലെ, ബി.ജെ.പി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ മോദിയും നിതീഷിന്റെ മുഖ്യമന്ത്രി പദം ഉറപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സഖ്യത്തില്‍ എല്ലാ പാര്‍ട്ടികളും തുല്യ സീറ്റുകള്‍ നേടണമെന്നില്ല. ആര് എത്ര സീറ്റുകള്‍ നേടി എന്നത് അപ്രസക്തമാണ്, ആളുകള്‍ എന്‍.ഡി.എയ്ക്ക് വോട്ട് ചെയ്തു. ജെ.ഡി.യുവിന്റെ വിജയത്തില്‍ ബി.ജെ.പിയും ബി.ജെ.പിയുടെ വിജയത്തില്‍ ജെ.ഡി.യുവും പങ്കുവഹിച്ചു. ജെ.ഡി.യു, ബി.ജെ.പി, വി.ഐ.പി, എച്ച്.എ.എം എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചാണ് ഈ വിജയം നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊക്കെ ആണെങ്കിലും ബീഹാറിലെ വിജയത്തിന്റെ അവകാശി നരേന്ദ്രമോദിയാണെന്ന പൊതു വിലയിരുത്തല്‍ ബി.ജെ.പി ക്യാമ്പുകളിലുണ്ട്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രതികരിച്ചപ്പോഴും ബി.ജെ.പി വിജയാഘോഷം നടത്തിയപ്പോഴും ജെ.ഡി.യുവിന്റെ ഭാഗത്ത് നിന്ന് അത്തരത്തിലുള്ള ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മോദി വിശകലനം നടത്തുകയും ബി.ജെ.പിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നെങ്കിലും നിതീഷ് കുമാറിനെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നുമില്ല. ഇന്നലെ രാത്രി ബി.ജെ.പി നേതാക്കള്‍ നിതീഷിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടിരുന്നെങ്കിലും എന്താണ് ചര്‍ച്ച ചെയ്തതെന്ന കാര്യവും വ്യക്തമല്ല.

ഇന്ന് രാവിലെയാണ് നിതീഷ് കുമാറിനെ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്.

ബി.ജെ.പി പ്രത്യയശാസ്ത്രം താങ്കള്‍ ഉപേക്ഷിക്കണമെന്നും തേജസ്വിയ്‌ക്കൊപ്പം നില്‍ക്കണമെന്നുമാണ് ദിഗ്‌വിജയ് സിങ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘ബി.ജെ.പി ‘അമര്‍ബെല്‍ മരം’ പോലെ മറ്റു പാര്‍ട്ടികളെ ഊറ്റിക്കുടിച്ച് വളരുന്ന പാര്‍ട്ടിയാണ്. ലാലു ജി നിങ്ങളുമായി യുദ്ധത്തിലായിരുന്നു. അതിന്റെ പേരില്‍ അദ്ദേഹം ജയിലിലും പോയി. നിങ്ങള്‍ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഉപേക്ഷിച്ചു വന്നു തേജസ്വിയ്ക്ക് ആശിര്‍വാദം നല്‍കണം. അമര്‍ബെല്‍ മരം പോലെ ബീഹാറില്‍ ബി.ജെ.പിയെ വളര്‍ത്താതിരിക്കൂ’, എന്നായിരുന്നു ദിഗ്‌വിജയ് സിങ് പറഞ്ഞത്.

ബീഹാറില്‍ 43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. 74 സീറ്റുകളില്‍ ബി.ജെ.പി ആണ് വിജയിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി നിതീഷിന് മുഖ്യമന്ത്രി സ്ഥാനം നല്‍കിയാലും ബി.ജെ.പിയില്‍ കടുത്ത സമ്മര്‍ദ്ദം അദ്ദേഹത്തിന് നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു.മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP stumbles on Congress move to invite Nitish, Uncertainty in the oath?

Latest Stories

We use cookies to give you the best possible experience. Learn more