ആഹ്ലാദപ്രകടനങ്ങള്‍ നിര്‍ത്തിവെച്ച് ബി.ജെ.പി ; ക്യാമ്പുകളില്‍ നിരാശരായി പ്രവര്‍ത്തകര്‍
Karnataka Election
ആഹ്ലാദപ്രകടനങ്ങള്‍ നിര്‍ത്തിവെച്ച് ബി.ജെ.പി ; ക്യാമ്പുകളില്‍ നിരാശരായി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th May 2018, 3:18 pm

ബെംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യം ഭരണം ഉറപ്പിച്ച സാഹചര്യത്തില്‍ ആഹ്ലാദപ്രകടനങ്ങള്‍ നിര്‍ത്തിവെച്ച് ബി.ജെ.പി.

മോദിയുടേയും അമിത് ഷായുടേയും പ്ലക്കാര്‍ഡുകള്‍ ഏന്തിക്കൊണ്ടും പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമുള്ള ആഘോഷപരിപാടികളാണ് ബി.ജെ.പി അനുനായികള്‍ നിര്‍ത്തിവെച്ചത്.

ബി.ജെ.പി ക്യാമ്പുകളില്‍ കനത്ത നിരാശ കോരിയൊഴിച്ചാണ് കോണ്‍ഗ്രസ് ജെ.ഡി.യു സഖ്യം അധികാരത്തിലേക്ക് അടുക്കുന്നത്. ഏത് വിധേനയും കര്‍ണാടകയില്‍ അധികാരം പിടിക്കുക എന്ന ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് ജെ.ഡി.എസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്.


Also Read തിരിച്ചടിയില്‍ പതറി ബി.ജെ.പി; മുഖ്യമന്ത്രി സിദ്ധരാമയ്യ 4 മണിക്ക് ഗവര്‍ണറെ കാണും


ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച സാഹചര്യത്തിലാണ് ദല്‍ഹിയില്‍ നിന്നും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി തന്നെ ചര്‍ച്ചകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയത്.

ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്ന വിഷയം അവതരിപ്പിക്കാന്‍ രാജിവെക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ വൈകീട്ട് നാല് മണിക്ക് ഗവര്‍ണറെ കാണുന്നുണ്ട്.

ജെ.ഡി.എസിനുള്ള പിന്തുണ ഗവര്‍ണറെ അറിയിക്കും. മന്ത്രിമാരടക്കമുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് ഇടപെടില്ല. കോണ്‍ഗ്രസിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് ജെ.ഡി.എസ് രംഗത്തെത്തി. കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന് ജെ.ഡി.എസ് നേതൃത്വം അറിയിച്ചു.