| Saturday, 4th June 2022, 4:50 pm

ആ രണ്ട് ഘടകം ചേര്‍ന്നപ്പോള്‍ എനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമാ തോമസിന് ലഭിച്ചു: എ.എന്‍. രാധാകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് പിന്നാലെ പ്രതികരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍.

തൃക്കാക്കരയില്‍ തനിക്ക് ലഭിക്കേണ്ട ഭൂരിഭാഗം വോട്ടുകളും യു.ഡി.എഫിന്റെ ഉമാ തോമസിന് ലഭിച്ചെന്ന് എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

‘ഞങ്ങളെല്ലാം കണക്കുകൂട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏകദേശം 24,000 വോട്ട് എനിക്ക് ലഭിക്കേണ്ടതാണ്. എനിക്ക് വോട്ടു രേഖപ്പെടുത്തിയാല്‍ എല്‍.ഡി.എഫ് വിജയിക്കുമെന്ന ധാരണ വന്നപ്പോഴാണ് ഒരു വിഭാഗം വോട്ടര്‍മാര്‍ ഉമാ തോമസിന് വോട്ട് ചെയ്തത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കാരണവശാലും എല്‍.ഡി.എഫ് 100 സീറ്റ് തികയ്ക്കരുതെന്ന് ആഗ്രഹിച്ചവരുണ്ടെന്നും മറ്റൊരു ഭാഗത്ത് സഹതാപ തരംഗമുണ്ടായെന്നും എ.എന്‍. രാധാകൃഷ്ണന്‍ പറഞ്ഞു.

അമ്മമാരും സഹോദരിമാരും ഉമാ തോമസിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചത് സഹതാപ തരംഗം കൊണ്ടാണ്. ഈ രണ്ട് ഘടകവും ചേര്‍ന്നപ്പോഴാണ് എനിക്ക് ലഭിക്കേണ്ട വോട്ടുകള്‍ ഉമാ തോമസിന് പോയത് എ.എന്‍. രാധാകൃഷ്ണന്‍ പ്രതികരിച്ചു.

അതേസമയം തൃക്കാക്കരയില്‍ എന്‍.ഡി.എയ്ക്ക് കെട്ടിവെച്ച പണം നഷ്ടമായതില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയും രംഗത്തെത്തി.

തൃക്കാക്കരയില്‍ എന്‍.ഡി.എയ്ക്ക് വോട്ട് കുറഞ്ഞത് സംസ്ഥാന പാര്‍ട്ടി നേതൃത്വം സൂക്ഷമായി പരിശോധിക്കുമെന്നും പി.ടിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മണ്ഡലത്തിലെ ജനങ്ങള്‍ കാണിച്ച സഹതാപ തരംഗമാണ് യു.ഡി.എഫിന്റെ ഈ വലിയ വിജയത്തിന് കാരണമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.

പിണറായി വിജയനെതിരെയുള്ള ശക്തമായ വികാര പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ ഫലമെന്നായിരുന്നു കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഏകാധിപത്യപരമായി നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളോട് ശക്തമായ വിയോജിപ്പ് ജനങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി.

സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന നയത്തിനും ഏകാധിപത്യ പ്രവണതയ്ക്കും എതിരെയുള്ള ജനങ്ങളുടെ താക്കീതാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

Content Highlights: BJP state vice-president A.N.Radhakrishnan says about thrikkakkaraby election lost

We use cookies to give you the best possible experience. Learn more