പാലക്കാട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്ഞാതന്‍ അതിക്രമിച്ചു കയറിയതായി പരാതി. പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലാണ് അജ്ഞാതന്‍ അതിക്രമിച്ചു കയറിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഈ സമയം സന്ദീപിന്റെ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സന്ദീപിന്റെ കുടുംബം നാട്ടകല്‍ പൊലീസില്‍ പരാതി നല്‍കി.
ഹലാല്‍ ഭക്ഷണ വിവാദത്തില്‍ ബി.ജെ.പിയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും വിദ്വേഷ പ്രചാരണം നടത്തവേ വ്യത്യസ്ത നിലപാടുമായി കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ രംഗത്ത് വന്നിരുന്നു.
ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാല്‍ നല്ലത്. ഒരു സ്ഥാപനം തകര്‍ക്കാന്‍ ഒരു പോസ്റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന് എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിനെതിരെ ബി.ജെ.പിയില്‍ കടുത്ത അതൃപ്തി ഉടലെടുത്തിരുന്നു. സന്ദീപിന്റെ പ്രസ്താവനയെ തള്ളി ജനറല്‍ സെക്രട്ടറി പി. സുധീര്‍ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടി വക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത് എന്ന് തിരുവനന്തപുരത്ത് ഈ മാസം രണ്ടാം തീയതി ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം നിലനില്‍ക്കെയാണ് സന്ദീപ് സ്വന്തം നിലപാട് ഫേസ്ബുക്കില്‍ രേഖപ്പെടുത്തിയത്.