| Saturday, 4th February 2017, 12:05 pm

ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകാര്‍; ഗാന്ധി കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ ആര്‍.എസ്.എസുകാരനായേനെ: ബി ഗോപാലകൃഷ്ണന്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകളാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും ആര്‍.എസ്.എസ് നേതാവുമായ ബി ഗോപാലകൃഷ്ണന്‍.

സോമനാഥ ചാറ്റര്‍ജിയുടെ അച്ഛന്‍ നിര്‍മല്‍ ചാറ്റര്‍ജി ഗോഡ്‌സെയോടൊപ്പം ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു. അദ്ദേഹം കമ്യൂണിസ്റ്റുകളുടെ സഹായത്തോടെയാണ് പാര്‍ലമെന്റിലെത്തിയത്. ഇത് സൗകര്യപൂര്‍വം ആര്‍.എസ്.എസിനെതിരായി പ്രചരണം നടത്തുന്നവര്‍ മറക്കുകയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.  മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ “ഗാന്ധിവധം: ആര്‍.എസ്.എസിനെതിരെ കമ്യൂണിസ്റ്റ് ഗൂഢാലോചന” എന്ന ലേഖനത്തിലൂടെയാണ് ഗോപാലകൃഷ്ണന്‍ പുതിയ ആരോപണവുമായി രംഗത്തെത്തിയത്.

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പ്രസ്താവനകള്‍ ചരിത്രത്തെ കുറിച്ചുള്ള അഞ്ജതയാണെന്നും പട്ടേലിനേയും നെഹ്‌റുവിനേയും വേണ്ടത്ര പഠിക്കാന്‍ കഴിയാതെ കമ്യൂണിസ്റ്റ് അടവുതന്ത്രത്തിലെ കുബുദ്ധികളുടെ കുപ്രചരണം ഏറ്റുപാടുകയാണ് ചിലരെന്നും ബി ഗോപാലകൃഷ്ണന്‍ പറയുന്നു.

സംഘത്തിന്റെ വാര്‍ധ വാര്‍ഷിക ക്യാമ്പില്‍ പങ്കെടുത്ത് മഹാത്മജി പറഞ്ഞത്, “ആര്‍.എസ്.എസ് സാമാജികസമരസതയുടെ സുഗന്ധം പരത്തുന്ന അത്ഭുതകരമായ സംഘടന”യെന്നാണ്. ഗാന്ധിജി കുറച്ചുനാള്‍ കൂടി ജീവിച്ചിരിന്നെങ്കില്‍ അദ്ദേഹം സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികുമായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

വാര്‍ധയിലെ കള്ളദൈവമെന്നും ഗാന്ധിചിന്ത ബൂര്‍ഷ്വാ ചിന്തയാണെന്നും പരിഹസിച്ച് ഗാന്ധിജിയുടെ രാഷ്ട്രീയാന്ത്യത്തിന് വേഗം കൂട്ടാന്‍ കോണ്‍ഗ്രസിനുള്ളില്‍ കുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ച കമ്യൂണിസ്റ്റുകളുടെ കൈകകളാണ് ഗാന്ധിവധത്തില്‍ ആദ്യം പരിശോധിക്കപ്പെടേണ്ടത്.


സ്വാതന്ത്രം കരിദിനമായി ആചരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഗോഡ്സെയെ പോലുള്ള അതിതീവ്ര ഗാന്ധിവിരുദ്ധര്‍ക്ക് ചൂട്ടുകത്തിച്ചുവെന്ന് പറഞ്ഞാല്‍ അത് ചരിത്ര നിഷേധമല്ലെന്നും ഇദ്ദേഹം പറയുന്നു.

പട്ടേലും നെഹ്രുവും തമ്മിലുണ്ടായ ഈര്‍ഷ്യ മുതലാക്കി നെഹ്‌റുവിലൂടെ സര്‍ക്കാരിന്റെ അധികാരകേന്ദ്രങ്ങളായ ശാസ്ത്ര, സാങ്കേതിക, ചരിത്ര, വിദ്യാഭാസ മേഖലകളില്‍ പിടിമുറുക്കി ആശയപരമായ ബൗദ്ധികവിപ്ലവത്തിന് കമ്യൂണിസ്റ്റുകള്‍ പദ്ധതികളാവിഷ്‌കരിച്ചു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ കമ്യൂണിസ്റ്റ് അടവുതന്ത്രത്തിന്റെ നുണപ്രചാരണത്തില്‍ നെഹ്രുവും കോണ്‍ഗ്രസും വീണു എന്നതാണ് യാഥാര്‍ഥ്യം.

ഗാന്ധിവധത്തിന് മുമ്പുള്ള ഒരു കാലഘട്ടത്തിലും നെഹ്റു ആര്‍.എസ്.എസിനെ എതിര്‍ത്തതായി എവിടേയും രേഖപ്പെടുത്തിയിട്ടി്‌ലല. . ആര്‍എസ്എസിനെതിരെ അപവാദം പ്രചരിപ്പിച്ചത് അന്വേഷണ ഏജന്‍സിയോ, നെഹ്രു സര്‍ക്കാരോ അല്ല, കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

ഗാന്ധി വധം നടന്ന 1948 ജനുവരി 30 ന് മുമ്പ് അഞ്ചുതവണ ഗാന്ധിജിക്കെതിരെ ആ്ക്രമണമുണ്ടായി. ജനുവരി 20 ന് ബോംബ്‌സ്‌ഫോടനം നടന്നപ്പോള്‍ ഗോഡ്‌സെ അവിടെ ഉണ്ടായിരുന്നതായി സര്‍ക്കാരിന് അറിവുണ്ടായിരുന്നു. ഗോഡ്‌സെയും കൂട്ടരും ഈ ബോംബ് സ്‌ഫോടനത്തില്‍ പ്രതികളും പൊലീസിന്റെ നിരീക്ഷണത്തിലുമായിരുന്നു. ആര്‍.എസ്.എസിന്റെ പേര് അന്ന് ആരും പറഞ്ഞതായി കേട്ടിട്ടില്ല. ഗോഡ്‌സെ കുറ്റം ഏറ്റുപറഞ്ഞു. കോടതി മൊഴികളിലും ആര്‍.എസ്.എസിന്റെ പേര് പരാമര്‍ശിക്കപ്പെട്ടില്ല. അടുത്ത ദിവസം ഇറങ്ങിയ പത്രങ്ങളിലും ആര്‍.എസ്.എസിന്റെ പേര് ഉണ്ടായിരുന്നില്ല.

ഗാന്ധിവധം നടന്ന അഞ്ച് ദിവസത്തിന് ശേഷാണ് സംഘത്തിനെതിരെ നോട്ടീസ് അയക്കുന്നത്. ജനുവരി 30നും ഫെബ്രുവരി നാലിനുമിടയിലാണ് കമ്യൂണിസ്റ്റ് ബുദ്ധികേന്ദ്രങ്ങളില്‍ വിചിന്തനം നടത്തി പ്രതി ആര്‍എസ്എസ് ആണെന്ന് പ്രഖ്യാപിച്ചത്.

അവസരങ്ങളെ അടവുകളാക്കുന്ന സ്റ്റാലിന്റെ കളരിയിലെ അഭ്യാസം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ കമ്യൂണിസ്റ്റു ബുദ്ധിജീവികളുടെ പ്രചാരണങ്ങളില്‍ വീണ കോണ്‍ഗ്രസ് ആര്‍.എസ്.എസിനെതിരെ രംഗത്തുവരികയും ഗുരുജി ഗോള്‍വാള്‍ക്കറെ അറസ്റ്റ് ചെയ്ത് സംഘടന നിരോധിക്കുകയുമായിരുന്നു. അതിന് പിന്നില്‍.

ഗാന്ധിജിയെയും ഗാന്ധിസത്തെയും ഇല്ലാതാക്കാനും അപകീര്‍ത്തിപ്പെടുത്താനും എന്നും ശ്രമിച്ചവര്‍ കമ്യൂണിസ്റ്റുകളാണ്.
ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ബോധ്യമായിട്ടും ഹിന്ദുത്വപ്രത്യയശാസ്ത്രം തകരണമെന്ന് ആഗ്രഹിക്കുന്ന ബുദ്ധികേന്ദ്രങ്ങള്‍ ഇന്നും ആര്‍.എസ്.എസിനെതിരെ പ്രചരണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more