ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുകയാണ്, ഓഡിയോയില്‍ കൃത്രിമം; നിയമനടപടി സ്വീകരിക്കുമെന്നും കെ. സുരേന്ദ്രന്‍
Kerala News
ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുകയാണ്, ഓഡിയോയില്‍ കൃത്രിമം; നിയമനടപടി സ്വീകരിക്കുമെന്നും കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th June 2021, 6:38 pm

തിരുവനന്തപുരം: ജെ.ആര്‍.പി. ട്രഷറര്‍ പ്രസീതയുമായുള്ള സംഭാഷണത്തിന്റെ ഓഡിയോയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുകയാണെനന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍.

പ്രസീത അഴീക്കോടും സുരേന്ദ്രനും തമ്മില്‍ സംസാരിച്ചെന്ന് കരുതുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് സുരേന്ദ്രന്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഓഡിയോ ക്‌ളിപ്പുകളില്‍ കൃത്രിമം കാണിച്ച് കള്ളപ്രചാരണം നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. മറ്റുള്ള ചാനലുകളിലെ സി.പി.ഐ.എം. പ്രവര്‍ത്തകരെയും ഇതിന് കൂട്ടുപിടിക്കുകയാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

സി.കെ. ജാനുവിന്റെ എന്‍.ഡി.എ. പ്രവേശനവുമായി ബന്ധപ്പെട്ട് ജാനുവിന് പ്രസീതയുടെ മധ്യസ്ഥതയില്‍ 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയതായി ആരോപണം ഉയര്‍ന്നിരുന്നു. താന്‍ കാശ് നല്‍കുന്ന വിവരം പി.കെ. കൃഷ്ണദാസ് അറിയരുതെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്.

‘ഇതൊന്നും കൃഷ്ണദാസ് അറിയരുത്. ഞാനിത് എല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വെച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ്,’ എന്ന് സുരേന്ദ്രന്‍ പറയുന്നതായാണ് ശബ്ദരേഖയിലുള്ളത്.

ഏഴിന് രാവിലെ സുരേന്ദ്രനെ ഫോണില്‍ വിളിച്ചപ്പോള്‍ പണം നല്‍കുന്നതിനെക്കുറിച്ച് ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോ എന്ന് സുരേന്ദ്രന്‍ തന്നോട് ചോദിച്ചതായി പ്രസീതയും ആരോപിച്ചിരുന്നു.

കൃഷ്ണദാസ് പലതവണ ജാനുവിനെ വിളിച്ചെങ്കിലും എന്‍.ഡി.എയിലേക്ക് തിരിച്ചുവരാന്‍ അവര്‍ താത്പര്യം പ്രകടിപ്പിച്ചില്ല.

മുസ്‌ലിം ലീഗില്‍ നിന്ന് ഓഫര്‍ ലഭിച്ചതിനാലാണ് അവര്‍ ക്ഷണം നിരസിച്ചതെന്നും താനടക്കമുള്ള നേതാക്കളുമായി ഇടപെട്ടാണ് സുരേന്ദ്രന്‍ ജാനുവിനെ എന്‍.ഡി.എയിലേക്ക് എത്തിച്ചതെന്നും പ്രസീത ആരോപിച്ചിരുന്നു.

ജാനു പാര്‍ട്ടിയെ തള്ളിപ്പറഞ്ഞതിനാലും ഘടകക്ഷിയായ തങ്ങളെ കെ. സുരേന്ദ്രന്‍ അവഗണിച്ചതിനാലുമാണ് തുറന്ന് പറയുന്നതെന്നും പ്രസീത പറഞ്ഞു.

നേരത്തെ കെ. സുരേന്ദ്രന്‍ പ്രസീതയോടും, അദ്ദേഹത്തിന്റെ സെക്രട്ടറി സി.കെ. ജാനുവിനോടും സംസാരിച്ചെന്ന് കരുതപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പ്രസീത പുറത്ത് വിട്ടിരുന്നു.

പണം നല്‍കുന്നതിനായി ഹോട്ടല്‍ മുറിയിലേക്കു സുരേന്ദ്രന്റെ സെക്രട്ടറിയോട് എത്താന്‍ ജാനു ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ റെക്കോര്‍ഡാണു പ്രസീത പുറത്തു വിട്ടത്. പത്ത് ലക്ഷം രൂപ സി.കെ. ജാനുവിന് നല്‍കാനെത്തുന്നതിനു മുമ്പു പ്രസീതയെ കെ. സുരേന്ദ്രന്‍ വിളിച്ചുവെന്നു കാണിക്കുന്ന ശബ്ദരേഖകളും പുറത്തു വന്നിട്ടുണ്ട്.

പ്രസീതയുടെ ഫോണില്‍ നിന്നാണു ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിക്കുന്നത്. ഹൊറൈസണ്‍ ഹോട്ടലിലെ 503ാം നമ്പര്‍ മുറിയിലേക്ക് എത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോടു ജാനു പറയുന്നതായാണു ശബ്ദരേഖ. ഈ മുറിയില്‍ വെച്ച് 10 ലക്ഷം കൈമാറിയെന്നാണു പ്രസീതയുടെ ആരോപണം.

വിജയ യാത്രയ്ക്കിടെ മാര്‍ച്ച് മൂന്നിനു കോട്ടയത്ത് കൂടിക്കാഴ്ചയ്ക്കു സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ ആവശ്യപ്പെടുന്ന കോള്‍ റെക്കോര്‍ഡും പുറത്തുവന്നു.

10 കോടി രൂപയാണു സി.കെ. ജാനു ചോദിച്ചതെന്നും ഇതിന്റെ ആദ്യ ഗഡുവായിട്ടാണു പത്ത് ലക്ഷം രൂപ നല്‍കിയതെന്നും പ്രസീത നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സി.കെ. ജാനു തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് പ്രസീതയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഈ ആരോപണങ്ങളെ തള്ളി സി.കെ. ജാനു രംഗത്തെത്തിയിരുന്നു. കരുതിക്കൂട്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നാണ് സി.കെ. ജാനു പറഞ്ഞത്.

സി.കെ. ജാനു അയച്ച വക്കീല്‍ നോട്ടീസ് കിട്ടിയതിനു പിന്നാലെയാണു പ്രസീത തന്റെ ഫോണിലെ കൂടുതല്‍ കോള്‍ റെക്കോര്‍ഡുകള്‍ പുറത്തുവിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

BJP state secretary K Surendran has said that the audio has been tampered with and that Asianet News is inciting personal hatred.