| Saturday, 1st July 2023, 3:11 pm

സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ സന്തോഷം; പ്രയോജനം കേരളത്തിനാണ്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ പ്രയോജനം കേരളത്തിനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തിന് ഒരു കേന്ദ്രമന്ത്രി കൂടി വന്നാല്‍ സാധ്യത അദ്ദേഹത്തിന് ആയിരിക്കുമെന്നും സുരേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

‘സുരേഷ് ഗോപി കേന്ദ്രമന്ത്രിയായാല്‍ അത് ഇരട്ടി മധുരമാണ്. അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് തനിക്കോ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനോ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും രാജ്യസഭ മുന്‍ എം.പി കൂടിയായ സുരേഷ് ഗോപി മന്ത്രിസഭയിലേക്ക് വന്നാല്‍ സന്തോഷമുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു.

മണിപ്പൂര്‍ വിഷയത്തില്‍ കേരളത്തിലെ ക്രൈസ്തവ സഭകള്‍ ഇടഞ്ഞുനില്‍ക്കുന്നത് താത്കാലികമാണെന്നും സുരേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു. ‘മണിപ്പൂര്‍ വിഷയത്തില്‍ സഭയെ അകറ്റാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഏക സിവില്‍ കോഡില്‍ പിണറായി വിജയന്റേത് വിനാശകരമായ നിലപാടാണ്. മതന്യൂനപക്ഷങ്ങളെ അകറ്റാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി.

അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ് പിണറായി വിജയന്‍. മുമ്പ് 1990 വരെ ഏകീകൃത സിവില്‍ കോഡിനായി സി.പി.ഐ.എം അനുകൂലിച്ചിരുന്നു. എന്നാല്‍ ഇന്ന് വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സി.പി.ഐ.എം നിലപാട് മാറ്റി. അവസരവാദ രാഷ്ട്രീയമാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. വൈകാതെ സി.പി.ഐ.എം മുസ്‌ലിം പാര്‍ട്ടിയാകും,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പി പുനസംഘടന ഇല്ലെന്ന് വ്യക്തമായതോടെ ഒരു ടേം കൂടി തുടരണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ സന്തോഷമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘എന്നാല്‍ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ ഒഴിയും. അവര്‍ പറയുന്നത് അനുസരിക്കും. വരുന്ന ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ കേരളത്തിലെ ബി.ജെ.പിയില്‍ പുനസംഘടന ഉണ്ടാകില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി പുനസംഘടന ഉടനെ ഉണ്ടാകില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടി.വിയോട് പറഞ്ഞു.

Content Highlights: bjp state president k surendran speaks about suresh gopi rumours

We use cookies to give you the best possible experience. Learn more