| Sunday, 14th August 2022, 3:51 pm

കെ.ടി. ജലീല്‍ പാക് ചാരന്‍, എം.എല്‍.എ സ്ഥാനം രാജിവെച്ച് പാകിസ്ഥാനിലേക്ക് പോകട്ടെ: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: കെ.ടി.ജലീല്‍ പാകിസ്ഥാന്‍ ചാരനാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കെ. ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാത്ത, ഇന്ത്യയുടെ രാജ്യാതിര്‍ത്തി അംഗീകരിക്കാത്ത, ഇന്ത്യയുടെ ഭരണഘടനയെ അംഗീകരിക്കാത്ത ജലീലിന് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരെ കാണെവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘കെ.ടി. ജലീല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതുകൊണ്ട് പ്രശ്‌നങ്ങളുടെ ഗൗരവം അവസാനിക്കുന്നില്ല. കെ.ടി. ജലീല്‍ രാജ്യദ്രോഹക്കുറ്റം തന്നെയാണ് ചെയ്തിരിക്കുന്നത്. തികഞ്ഞ രാജ്യദ്രോഹനിലപാടാണ് കെ.ടി. ജലീല്‍ സ്വീകരിച്ചിരിക്കുന്നത്.

പാകിസ്ഥാന് വേണ്ടിയാണ് കെ.ടി. ജലീല്‍ സംസാരിച്ചിരിക്കുന്നത്. ഒരു പാകിസ്ഥാന്‍ ചാരനെ പോലെയാണ് കെ.ടി. ജലീലിന്റെ വാക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടി ആവശ്യമുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയുടെ പാര്‍ലിമെന്റ് കശ്മീരിനെ കുറിച്ച് പറഞ്ഞ നയം അംഗീകരിക്കാന്‍ കഴിയാത്ത ജലീലിന് ഈ രാജ്യത്ത് ജീവിക്കാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ചോറ് ഇവിടെയും കൂറ് അവിടെയുമായി നടക്കുന്ന ഒരുപാട് ആളുകള്‍ ഇന്ത്യയില്‍ ഇപ്പോഴുമുണ്ടെന്നും അതില്‍ പ്രധാനിയാണ് കെ.ടി. ജലീല്‍ എന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ജലീല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് നിയമനടപടികള്‍ സ്വീകരിക്കണമെന്നും രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വിവാദത്തിനിടയായ വരികള്‍ ജലീല്‍ പോസ്റ്റില്‍ നിന്നും പിന്‍വലിച്ചിരുന്നു. തന്റെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയെന്നും നാടിന്റെ നന്മയ്ക്കായി ആ വരികള്‍ പിന്‍വലിക്കുകയാണെന്നും ജലീല്‍ പറഞ്ഞിരുന്നു.

‘നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം (ആസാദി കാ അമൃത് മഹോത്സവ്) നാളെക്കഴിഞ്ഞ് മറ്റന്നാള്‍ ഒറ്റ മനസ്സോടെ ആഘോഷിക്കുകയാണ്. അതിന്റെ ആരവങ്ങള്‍ നാടെങ്ങും ആരംഭിച്ച് കഴിഞ്ഞു.

നിയമസഭയുടെ പ്രവാസിക്ഷേമ സമിതിയുടെ അംഗം എന്ന നിലയില്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ ഞാനെഴുതിയ യാത്രാ കുറിപ്പിലെ ചില പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണക്ക് ഇട വരുത്തിയത് എന്റെ ശ്രദ്ധയില്‍ പെട്ടു. ഞാനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത പ്രസ്തുത കുറിപ്പിലെ വരികള്‍ നാടിന്റെ നന്‍മക്കും ജനങ്ങള്‍ക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിന്‍വലിച്ചതായി അറിയിക്കുന്നു,” എന്നായിരുന്നു വരികള്‍ പിന്‍വലിച്ചുകൊണ്ട് ജലീല്‍ പറഞ്ഞത്.

നേരത്തെ കശ്മീര്‍ യാത്രയെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ പാക് അധീന കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്ന് വിശേഷിപ്പിച്ച ജലീലിന്റെ പോസ്റ്റായിരുന്നു വിവാദമായത്. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും ജലീല്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘പാക് അധീന കശ്മീരെ’ന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന പ്രദേശത്തെ കെ.ടി. ജലീല്‍ ‘ആസാദ് കശ്മീരെ’ന്നാണ് കുറിപ്പില്‍ വിശേഷിപ്പിച്ചത്.

എന്നാല്‍ ആസാദ് കശ്മീര്‍ എന്നത് ഡബിള്‍ ഇന്‍വേര്‍ട്ടഡ് കോമയിലാണ് താന്‍ എഴുതിയതെന്നും അത് മനസിലാവാത്തവരോട് സഹതാപം മാത്രമാണെന്നുമായിരുന്നു പോസ്റ്റുമായി ബന്ധപ്പെട്ട വിശദീകരണ കുറിപ്പില്‍ ജലീല്‍ പറഞ്ഞത്.

Content Highlight: BJP State president K. Surendran says KT Jaleel should go to Pakistan

We use cookies to give you the best possible experience. Learn more