| Monday, 10th October 2022, 7:32 pm

കേരളത്തിലേക്ക് ലഹരി കടത്തുന്നത് മതഭീകരവാദികള്‍; സര്‍ക്കാര്‍ ക്യാമ്പയിന്‍ തൊലിപ്പുറത്തുള്ള ചികിത്സ: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലേക്ക് ലഹരി കടത്തുന്നത് മതഭീകരവാദികളെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ലഹരിക്കടത്ത് മതഭീകരവാദത്തിന് ഉപയോഗിക്കുന്ന കാഴ്ചയാണ് കേരളത്തില്‍ കാണാനാകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലഹരി മാഫിയയോട് മൃതുസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നത്. മതഭീകരവാദികള്‍ക്ക് അതൊരു സുരക്ഷയാണ്. സര്‍ക്കാരിന്റെ ലഹരിക്കെതിരായ ക്യാമ്പയിന്‍ തൊലിപ്പുറത്തുള്ള ചികിത്സയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി.എഫ്.ഐ നിരോധനത്തെ ജാതിമത ഭേദമന്യേയുള്ള ആളുകള്‍ സ്വാഗതം ചെയ്തപ്പോള്‍ സി.പി.ഐ.എമ്മും മുസ്‌ലിം ലീഗും അതിന് വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയേയും സുരേന്ദ്രന്‍ വിമര്‍ശിച്ചു. ലക്ഷക്കണക്കിന് രൂപ ധൂര്‍ത്തടിച്ചാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ യാത്ര ചെയ്യുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

ഈ യാത്രകൊണ്ട് കേരളത്തില്‍ ആരെങ്കിലും നിക്ഷേപം നടത്തിയോ. തമിഴ്‌നാട്, കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേരളത്തില്‍ ഒന്നും ഉണ്ടാകുന്നില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നും മുഖ്യമന്ത്രിയുടെ യാത്രക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സന്ദീപ് വാര്യറെ ബി.ജെ.പി വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയത് സംബന്ധിച്ച ചോദ്യത്തിന് അത് സംഘടനാപരമായ കാര്യമാണെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഇന്ന് കോട്ടയത്ത് വെച്ച് ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിലാണ് ബി.ജെ.പി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയത്.

പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടി സ്വീകരിച്ചെതെന്നാണ് റിപ്പോര്‍ട്ടുകള്‍.

CONTENT HIGHLIGHTS:  BJP State President K. Surendran says It is religious terrorists who smuggle drugs into Kerala

We use cookies to give you the best possible experience. Learn more