അര ലക്ഷത്തിലധികം പോപ്പുലര്‍ ഫ്രണ്ട് കേഡറുകളെ സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കാനാണ് പിണറായിയുടെ നീക്കം: കെ. സുരേന്ദ്രന്‍
Kerala News
അര ലക്ഷത്തിലധികം പോപ്പുലര്‍ ഫ്രണ്ട് കേഡറുകളെ സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കാനാണ് പിണറായിയുടെ നീക്കം: കെ. സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th September 2022, 3:51 pm

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുമ്പോള്‍ അതിന്റെ അണികളെ സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കാന്‍ സി.പി.ഐ.എം തന്ത്രപരമായ നീക്കം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.

അര ലക്ഷത്തിലധം വരുന്ന പോപ്പുലര്‍ ഫ്രണ്ട് കേഡറുകളെ സാവകാശം സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്.

”പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി നിയമാനുസൃതമായിരിക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് അസംബന്ധ നാടകമാണിത്. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടി നിയമാനുസൃതമാണ്. നിയമപരമായാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.

ദേശീയ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ ഗുരുതര വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ എടുത്ത നടപടിയാണിത്. ഇത് രാഷ്ട്രീയ തീരുമാനമല്ല.

നിയമപരമായ നടപടിയെ പിന്നെയും നിയമപരമായി പരിശോധിക്കണമെന്ന് പറയുന്നതിന്റെ അര്‍ത്ഥം മനസിലാകുന്നില്ല.

പോപ്പുലര്‍ ഫ്രണ്ടിനോടും മതഭീകരവാദ ശക്തികളോടും ഒരു മെല്ലെപ്പോക്ക് നയമാണ് ഇപ്പോഴുള്ളത്. കാരണം പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും അതിന്റെ അണികളെ സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കാനുള്ള വളരെ തന്ത്രപരമായ നീക്കമാണ് സി.പി.ഐ.എം നടത്തുന്നത്.

പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ ഏതാണ്ട് അര ലക്ഷത്തിലധികം കേഡറുകളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ആ അര ലക്ഷത്തിലധം വരുന്ന പോപ്പുലര്‍ ഫ്രണ്ട് കേഡറുകളെ സാവകാശം സി.പി.ഐ.എമ്മിലേക്ക് ആകര്‍ഷിക്കാനുള്ള അപായകരമായ നിലപാടാണ് പിണറായി വിജയന്‍ സ്വീകരിക്കുന്നത്, ഇത് ശരിയല്ല.

റീഹാബ് ഫൗണ്ടേഷന്‍ താനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സംഘടനയാണെന്ന് ഐ.എന്‍.എല്‍ പ്രസിഡന്റ് തന്നെ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഞങ്ങളിത് പറഞ്ഞപ്പോള്‍ കെ. സുരേന്ദ്രന്‍ ഉണ്ടയില്ലാ വെടി പൊട്ടിക്കുകയാണെന്നാണ് ഐ.എന്‍.എല്‍ നേതാക്കള്‍ പറഞ്ഞിരുന്നത്.

അങ്ങനെയുള്ള സംഘടനയെ മന്ത്രിസഭയില്‍ നിലനിര്‍ത്തുന്നത് രാജ്യതാല്‍പര്യത്തിന് എതിരാണ്. അഹമ്മദ് ദേവര്‍കോവിലിനെ അടിയന്തരമായി മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഞങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നു.

ഐ.എന്‍.എല്‍ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യത്തിന് വിരുദ്ധമാണ്,” കെ. സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, വര്‍ഗീയതക്കെതിരായാണ് നീക്കമെങ്കില്‍ അതിന് ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ സി.പി.ഐ.എം പ്രതികരിച്ചത്.

നിരോധിക്കുകയാണെങ്കില്‍ അത് ആദ്യം ആര്‍.എസ്.എസിനെ ആയിരിക്കണമെന്നും ഒരു സംഘടനയെ നിരോധിക്കുന്നത് കൊണ്ട് മാത്രം വര്‍ഗീയതയെ തടയാനാകില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlight: BJP state president K Surendran says CPIM and Pinarayi Vijayan wants the workers of Popular Front to come to their party