കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് സമയോചിതമായ ഇടപെടലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ പി.എഫ്.ഐയെ ഇടതുപക്ഷവും കോണ്‍ഗ്രസും മാറിമാറി പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐയെയും നിരോധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
പി.എഫ്.ഐയുടെ ചാരിറ്റി വിങ്ങായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ടെറര്‍ ഫണ്ടിങ്ങാണ് ആ സംഘടന നടത്തുന്നത്. ഐ.എന്‍.എല്ലിന്റെ തലവന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്റേയും തലവന്‍. അതിനാല്‍ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിരോധിച്ച സംഘടനയുമായി ബന്ധമുള്ള ഒരു പാര്‍ട്ടിയുടെ പ്രതിനിധി ഇടുതുപക്ഷ മുന്നണിയിലുള്ളത് രാജ്യ താല്‍പര്യത്തിന് എതിരാണ്. എങ്ങോട്ടാണ് പിണറായി വിജയന്‍ കേരളത്തെ നയിക്കുന്നത്. എന്നാല്‍ റിഹാബ് ഫൗണ്ടേഷനുമായും പി.എഫ്.ഐയുമായും രാഷ്ട്രീയമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും ബി.ജെ.പി സാഹചര്യത്തെ മുതലെടുക്കുകയാണെന്നും ഐ.എന്‍.എല്‍ നേതൃത്വം പ്രതികരിച്ചു.
അതേസമയം, പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള സംഘടനകളെ നിരോധിക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്ന മുമ്പത്തെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
വര്‍ഗീയതക്കെതിരെയാണ് നീക്കമെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചിട്ട് കാര്യമില്ലെന്നും അതേസമയം, പുതിയ സാഹചര്യം സംബന്ധിച്ച നിലപാടില്‍ കേന്ദ്ര കമ്മിറ്റി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.