| Monday, 17th January 2022, 3:50 pm

ബി.ജെ.പിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞുകയറിയോയെന്ന് പേടിയുണ്ട്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബി.ജെ.പിയിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയോയെന്ന് പേടിയുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികളിലും പോപ്പുലര്‍ ഫ്രണ്ട് നുഴഞ്ഞു കയറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിനെതിരായ ജനകീയ പ്രതിരോധമെന്ന നിലയില്‍ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച പരിപാടിയിലായിന്നു സുരേന്ദ്രന്റെ പരാമര്‍ശം.

‘എം.കെ. മുനീര്‍ പത്ത് കൊല്ലം മുമ്പ് പറഞ്ഞു. എല്ലാ മതേതര പാര്‍ട്ടികളിലും എന്‍.ഡി.എഫ് നുഴഞ്ഞു കയറിയിരിക്കുകയാണ്. അന്ന് എന്‍.ഡി.എഫായിരുന്നു. ഇന്ന് നിങ്ങള്‍ നോക്കൂ, ബി.ജെ.പിയൊഴിച്ച് എല്ലാ പാര്‍ട്ടികളിലും നുഴഞ്ഞുകയറി. ഞങ്ങള്‍ക്കും ഇപ്പോള്‍ പേടിയുണ്ട്. എനിക്ക് തുറന്ന് പറയുന്നതില്‍ മടിയില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ത്യയില്‍ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയിരിക്കുതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍വകലാശാലകളിലേക്ക് കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തീവ്രവാദ സംഘങ്ങള്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയാണെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം.

രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്. ജെ.എന്‍.യുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോള്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളായി ഇവരുടെ താവളം. ഇപ്പോള്‍ ദല്‍ഹി യൂണിവേഴ്സിറ്റിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമാന്തര ടെലിഫോണ്‍ എക്സേഞ്ചിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ബി.ജെ.പി പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ അത് പൊലീസ് കോടതിയില്‍ സമ്മതിച്ചു. അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്. പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടിയതും ഇതേ മതഭീകരരാണ്.

ബിഷപ്പിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഹാലിളകി വന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പാണക്കാട്ടെ തങ്ങള്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോ? കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് അവരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് പരിപാടിയില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 1500 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  BJP state president K Surendran said that there are fears that the Popular Front has infiltrated the BJP as well.

We use cookies to give you the best possible experience. Learn more