കൊച്ചി: സ്ത്രീകള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരെയുമുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യു.പി. മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനം സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആലുവയില്‍ ബലാസംഗത്തിനിരയായ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.
‘യു.പിയില്‍ ക്രിമിനലുകളെയും മാഫിയകളെയും കൈകാര്യം ചെയ്യുന്ന രീതി കേരളത്തിലും മാതൃകയാക്കണം. കേരളത്തില്‍ പൊലീസ് സംവിധാനം പൂര്‍ണമായും തകര്‍ന്നുകഴിഞ്ഞു. ഇവിടുത്തെ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണ്. 18 മണിക്കൂര്‍ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല എന്നത് ചെറിയ കാര്യമല്ല,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതിഥി തൊഴിലാളികളെക്കുറിച്ചും അവര്‍ക്കിടയിലുള്ള കുറ്റകൃത്യങ്ങളെ സംബന്ധിച്ചും ലഹരിമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും ശക്തമായ പൊലീസ് നിരീക്ഷണം ആവശ്യമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘ലോകത്തെവിടെയും കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തില്‍ നിരന്തരം നടക്കുന്നത്. കേരളം നാണംകെട്ട് തലതാഴ്ത്തുകയാണ്.
അതിഥി തൊളിലാളികളുടെ ലഹരിമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചും കുറ്റകൃത്യത്തെയും നിരീക്ഷിക്കാന്‍ പ്രത്യേക പൊലീസ് സംവിധാനം വേണം. സംസ്ഥാനത്തേക്ക് ആരെല്ലാം വരുന്നു, അവര്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് അന്വേഷിക്കാനുള്ള സംവിധാനം നിലവില്‍ കേരള പൊലീസിനില്ല,’ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ആലുവയില്‍ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ മൃതദേഹം സംസ്‌കരിച്ചു. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമായിരുന്നു സംസ്‌കാരം.
സഹപാഠികളും അധ്യാപകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പെണ്‍കുട്ടിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി തായ്ക്കാട്ടുകര സ്‌കൂളില്‍ എത്തിയിരുന്നത്. രണ്ട് മണിക്കൂറോളമായിരുന്നു പൊതുദര്‍ശനത്തിന് വെച്ചത്. കണ്ണീരോടെ ഒരു നാട് മുഴുവന്‍ കുരുന്നിന് വിട നല്‍കി.