കേരളത്തിലെ എന്‍.സി.പി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍; എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രന്‍
Kerala News
കേരളത്തിലെ എന്‍.സി.പി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍; എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd July 2023, 7:58 pm

കൊച്ചി: കേരളത്തിലെ എന്‍.സി.പിയും എന്‍.ഡി.എക്കൊപ്പം ചേരുമെന്നാണ് കരുതുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മഹാരാഷ്ട്രയിലെ പുതിയ രാഷ്ട്രീയ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ എന്‍.സി.പി ചെറിയ പാര്‍ട്ടിയാണെങ്കിലും പല മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്‍.സി.പി ദേശീയ തലത്തിലെ മാതൃക സ്വീകരിച്ച് ബി.ജെ.പിക്കൊപ്പം ചേരണം.
എന്‍.സി.പിയില്‍ ഭിന്നതയുണ്ട്. എന്‍.ഡി.എ പാര്‍ട്ടിയില്‍ നിന്ന് പോയവരെ മടക്കികൊണ്ടുവരാന്‍ നീക്കം നടക്കുന്നുണ്ട്. പാര്‍ട്ടി വിട്ട പലരോടും സംസാരിച്ചു കഴിഞ്ഞു,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ എന്‍.സി.പിയുടെ പിളര്‍പ്പ് ചര്‍ച്ചയാകുമ്പോള്‍ കേരളത്തിലെ എന്‍.സി.പി ശരദ് പവാറിനൊപ്പം നില്‍ക്കുമെന്ന് കേരളാ നേതാക്കള്‍ പ്രതികരിച്ചു. എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും ഉള്‍പ്പെടെ കേരളത്തില്‍ രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. കേരളത്തില്‍ ഭരണ കക്ഷിയായ ഇടത് മുന്നണിക്കൊപ്പമാണ് എന്‍.സി.പി.

ഇപ്പോഴുണ്ടായ പിളര്‍പ്പ് തങ്ങളെ ബാധിക്കില്ലെന്നും അജിത് പവാറിന്റേത് അധികാര രാഷ്ട്രീയമാണെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. അജിത് പവാറിനൊപ്പം കേരളത്തില്‍ നിന്ന് ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ എന്‍.സി.പിയും കേരളത്തിലെ എന്‍.സി.പിയും രണ്ട് സ്‌റ്റൈല്‍ ആണെന്നായിരുന്നു തോമസ് കെ. തോമസിന്റെ പ്രതികരണം. എന്‍.സി.പിയുടെ നേതാവ് എന്നും ശരദ് പവാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: BJP state president K. Surendran said that NCP in Kerala is also expected to join NDA