തിരുവനന്തപുരം: സി.പി.ഐ.എം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബ്രിട്ടീഷുകാരന്‍ വന്ന് ഇന്ത്യയില്‍ മേഞ്ഞാല്‍ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണ് സി.പി.ഐ.എമ്മുകാരെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ പരസ്യ പ്രദര്‍ശനത്തെ വിമര്‍ശിക്കുമ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ദേശീയ തലത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടില്ലെന്നും സി.പി.ഐ.എമ്മിനെ കണ്ടാണ് കോണ്‍ഗ്രസ് കേരളത്തില്‍ അത് ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘സത്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഏതുതരം രാഷ്ട്രീയമാണ് കൈകാര്യം ചെയ്യുന്നത്? സി.പി.ഐ.എം ചെയ്യുന്ന ഏതു അധമപ്രവര്‍ത്തിയും അതിനേക്കാള്‍ വാശിയോടെ ചെയ്തു തീര്‍ക്കാന്‍ ഇവിടെ ഒരു കോണ്‍ഗ്രസ് ആവശ്യമുണ്ടോ? ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ മുഴുവന്‍ പ്രദര്‍ശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയടക്കം ഒരു കോണ്‍ഗ്രസ് നേതാവും എവിടേയും പറഞ്ഞതായി കണ്ടില്ല. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഈ വിഷയത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകര്‍ കാണിച്ചതുപോലത്തെ വൃത്തികേട് കാണാനുമില്ല. പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്.
സി.പി.ഐ.എം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്. അവര്‍ ഇന്ത്യ ഛിന്നഭിന്നമായി കാണണമെന്നാഗ്രഹിക്കുന്നവരാണ്. ബ്രിട്ടീഷുകാരന്‍ വന്ന് ഇന്ത്യയില്‍ മേഞ്ഞാല്‍ ഒരു വേദനയുമില്ലാത്ത അഞ്ചാംപത്തികളാണവര്‍. അവരോട് മല്‍സരിച്ച് ആരുടെ താല്‍പ്പര്യമാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്ന് അവരുടെ അണികള്‍ ആലോചിക്കുന്നത് നന്നായിരിക്കും. പിന്നെ ഷാഫി പറമ്പനും മാക്കുറ്റിക്കുമൊക്കെയുള്ള ചിന്താശേഷിയേ സുധാകരനും സതീശനുമുള്ളൂവെങ്കില്‍ അനില്‍ ആന്റണിമാര്‍ ഇനിയും ഒരുപാടുപേരുണ്ടാവും. അത്രതന്നെ,’ സുരേന്ദ്രന്‍ പറഞ്ഞു .
ഡോക്യുമെന്ററിയെ വിമര്‍ശിച്ച എ.കെ. ആന്റണിയുടെ മകന് അനില്‍ കെ. ആന്റണിക്ക് പിന്തുണയുമായി കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
എ.കെ. ആന്റണിയുടെ മകനുള്ള വിവേക ബുദ്ധിപോലും രാഹുല്‍ ഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോണ്‍ഗ്രസിന്റെ വര്‍ത്തമാന ദുരവസ്ഥയെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
‘എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരില്‍ ഇന്ത്യാ വിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാന്‍ ഇന്ത്യന്‍ ജനതയ്ക്ക് അഞ്ഞൂറ് കിലോമീറ്റര്‍ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല.
പിന്നെ സി.പി.ഐ.എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാന്‍ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാര്‍ത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികള്‍,’ കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Content Highlight: BJP state president K. Surendran said that CPIM is a complete treasonous party