| Friday, 17th December 2021, 11:54 pm

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജമാഅത്തെ മഹിള അസോസിയേഷനായോ എന്ന് സംശയം: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജമാഅത്തെ മഹിള അസോസിയേഷനായോയെന്ന് സംശമായെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ താലിബാനിസം ശക്തിപ്പെടുകയാണെന്നും സി.പി.ഐ.എമ്മിന്റെ മഹിളാ അസോസിയേഷന്‍ പിന്തുടരുന്നത് താലിബാനിസമെന്നും അദ്ദേഹം പറഞ്ഞു.

പൊന്നാനിയിലെ വീട്ടിലെത്തി ഇ. ശ്രീധരനെ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെ സി.പി.ഐ.എം ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും ഒപ്പം ചേര്‍ന്ന് എതിര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാഹ പ്രായത്തെ എതിര്‍ത്ത് വന്നവര്‍ക്കെല്ലാം ഒരേ സ്വരമാണ്. സി.പി.ഐ.എമ്മിനും ലീഗിനും ജമാഅത്തെ ഇസ്‌ലാമിക്കും പോപ്പുലര്‍ ഫ്രണ്ടിനും ഒറ്റ സ്വരമെന്ന് പറയുന്നത് ചെറുതായി കാണാനാവില്ല. എപ്പോഴും, പുരോഗമനത്തെപ്പറ്റി സംസാരിക്കുന്നവര്‍ മുത്തലാഖ് വിഷയത്തില്‍നിന്നുള്ള യു ടേണാണ് സ്വീകരിക്കുന്നത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണ് സി.പി.ഐ.എം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. മത തീവ്രവാദികളുടെ അജന്‍ഡ സി.പി.ഐ.എമ്മും ഏറ്റെടുക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് ശക്തമായി വിയോജിക്കുന്നതായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു.

വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള നിര്‍ദേശം കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം
അംഗീകരിച്ചിരുന്നു. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ നിയമഭേദഗതി കൊണ്ടുവന്നേക്കും.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടയിലാണ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  BJP state president K Surendran said it was doubtful whether the Democratic Women’s Association was a Jamaat-e-Islami women’s association

We use cookies to give you the best possible experience. Learn more