തിരുവനന്തപുരം: പ്രതിയായ ദിലീപിന് അഭിനയിക്കാമെങ്കില്‍ ശ്രീറാം വെങ്കിട്ടരാമന് എന്തുകൊണ്ട് കളക്ടറായി ജോലി ചെയ്തുകൂടായെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
ശ്രീറാം വെങ്കിട്ടരാമന്‍ ഒരു കേസിലെ പ്രതിയാണ്. ആയാള്‍ക്കെതിരെ സര്‍വീസ് നടപടിയെടുത്തു, തിരിച്ചെടുത്തു, എന്നിട്ടും അദ്ദേഹത്തിന് ജോലി ചെയ്യാന്‍ പറ്റാത്തത് എന്ത് ന്യായമാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.
ശ്രീറാമിനെ തിരിച്ചെടുത്തത് അന്വേഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അല്ലാതെ ഇവിടുത്തെ മത സംഘടനകളല്ല അയാള്‍ കുറ്റക്കാരനാണെന്ന് തീരുമാനിക്കേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചില ആളുകള്‍ തീരുമാനിക്കുന്നതേ നടക്കൂ എന്ന രീതിയിലാണ് കാര്യങ്ങള്‍. മത സംഘടനകളും വര്‍ഗീയ സംഘടനകളും സമൂഹത്തില്‍ അവരുടെ സംഘടിത താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും, അതില്‍ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും, ഇതിനെ നവോത്ഥാന സര്‍ക്കാര്‍ എന്നല്ല നട്ടെല്ലില്ലാ സര്‍ക്കാര്‍ എന്നാണ് പറയേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഭീരുത്വമെന്നാണ് കെ. സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഒരു വിഭാഗം ആളുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി തീരുമാനം പിന്‍വലിച്ച നടപടി തികഞ്ഞ ഭീരുത്വമായിപ്പോയെന്നും, സംഘടിത ശക്തികള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയത് തെറ്റായ സന്ദേശം തന്നെയാണ് നല്‍കുന്നതെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇന്ദ്രനേയും ചന്ദ്രനേയും പേടിയില്ലെന്നൊക്കെ പറയുന്നത് വെറും തള്ളുമാത്രമായിപ്പോകുന്നു. നട്ടെല്ലിന് ഉറപ്പില്ലാത്തവര്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലായിരുന്നുവെന്നും സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കെതിരെ പ്രതികരിച്ചിരുന്നു.