ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ചിരിച്ച് പ്രതികരിച്ച് കെ. സുരേന്ദ്രന്‍; വിമര്‍ശനവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍
Kerala News
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ ചിരിച്ച് പ്രതികരിച്ച് കെ. സുരേന്ദ്രന്‍; വിമര്‍ശനവുമായി സംഘപരിവാര്‍ പ്രൊഫൈലുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th November 2021, 3:34 pm

തിരുവനന്തപുരം: പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചിരിച്ച് പ്രതികരിച്ചത് വിവാദമാകുന്നു. വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിന് തൊട്ടുമുമ്പാണ് സുരേന്ദ്രന്‍ ചിരിച്ചത്.

നിങ്ങളിത്(മൈക്ക്) മാറ്റാതെ എനിക്ക് പറയാന്‍ പറ്റല്ലല്ലോ എന്നും തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് എന്ന് പുറത്തുനിന്ന് ഒരാള്‍ തമാശ പറയുമ്പോഴുമാണ് അദ്ദേഹം ചിരിക്കുന്നത്.

മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തുടങ്ങുകയല്ലേ… എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ സുരേന്ദ്രന്‍ സംസാരം തുടങ്ങുമ്പോള്‍ ഗൗരവത്തില്‍ പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

മാധ്യമങ്ങളെ കാണുന്ന ലൈവ് സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. ചിരിച്ചോളു, അണികള്‍ കൊല്ലപ്പെടുമ്പോള്‍ ചിരിക്കുന്നതാണല്ലോ പതിവ്, ചിരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തുന്നു. ഈ കാര്യത്തില്‍ സി.പി.ഐ.എം നേതാക്കളെയാണ് കണ്ടുപഠിക്കേണ്ടത്, ചിരിക്കാന്‍ നാണം ഇല്ലേ തുടങ്ങിയ കമന്റുകളാണ് സുരേന്ദ്രന്റെ ലൈവിന് താഴെ വന്നത്.

അതേസമയം, അപകടകരമായ നിലയിലേക്കാണ് കേരളത്തിന്റെ ക്രമസമാധാനനില പോകുന്നതെന്നും ഇത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നുമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയില്‍ സുരേന്ദ്രന്‍ പ്രതികരിച്ചത്.

എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സി.പി.ഐ.എമ്മും സര്‍ക്കാരും പൊലീസും സഹായിക്കുന്നത് കൊണ്ടാണ് അടിക്കടി ഇത്തരത്തിലുള്ള
കൊലപാതകം കേരളത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പി പാലക്കാട് ജില്ലാ അധ്യക്ഷന്‍ കെ.എം. ഹരിദാസ് ആരോപിച്ചിരുന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ഏലപ്പുള്ളി സ്വദേശി സഞ്ജിത്തിനെയാണ് മമ്പറത്ത് വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കില്‍ വരുമ്പോള്‍ തടഞ്ഞുനിര്‍ത്തിയാണ് ആക്രമണം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.

രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നേരത്തെയും പ്രദേശത്ത് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  BJP state president K Surendran’s laugh response on  RSS  worker murder