തിരുവനന്തപുരം: കശ്മീര്‍ ഫയല്‍സ് സിനിമയുടെ പൊള്ളത്തരങ്ങളെ വസ്തുകള്‍വെച്ച് വിമര്‍ശിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കശ്മീര്‍ ഫയല്‍സിനെ എതിര്‍ത്ത കോണ്‍ഗ്രസ് ജിഹാദികള്‍ക്കൊപ്പം ചേരുകയാണെന്നും സിനിമ കേരളത്തേയും പലതും ഓര്‍മിപ്പിക്കുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കശ്മീര്‍ ഫയല്‍സ് കേരളത്തേയും പലതും ഓര്‍മിപ്പിക്കുന്നുണ്ടെന്ന് ആദ്യം അതിനെ എതിര്‍ക്കാന്‍ ജിഹാദികളോടൊപ്പം കോണ്‍ഗ്രസും ഓടിയെത്തി എന്നതില്‍നിന്നു തന്നെ വ്യക്തമായി വായിച്ചെടുക്കാം. ഇത് മലയാളികളെല്ലാവരും കാണേണ്ട സിനിമയാണ്. ഭീകരവാദം ആദ്യം സംഘപരിവാറിനെത്തേടിയായിരിക്കും എത്തുക എന്നുകരുതി സമാധാനിക്കുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
‘ആട്ടിയോടിപ്പിക്കപ്പട്ടവരില്‍ ബുദ്ധനും ജൈനനും സിഖും എന്തിനേറെ മോഡറേറ്റ് മുസല്‍മാനും ഉണ്ടായിരുന്നുവെന്ന് ദര്‍ശന്‍കുമാര്‍ അവതരിപ്പിച്ച കൃഷ്ണ പണ്ഡിറ്റെന്ന കഥാപാത്രം വിശദീകരിക്കുമ്പോള്‍ ഒരു പക്ഷെ അതു പലര്‍ക്കും ഒരു പുതിയ അറിവായിരിക്കും.
ഹിന്ദുവിനും കൃസ്ത്യാനിക്കും മതേതര മുസല്‍മാനുമടക്കം എല്ലാ നല്ലമനുഷ്യര്‍ക്കും ഒന്നിച്ചുനിന്ന് നേരിടേണ്ട വലിയ വിപത്താണ് ഭീകരവാദം. ഇന്നലെ കശ്മീരില്‍ കണ്ടതുപലതും ഒളിഞ്ഞും തെളിഞ്ഞും ട്രയല്‍ റണ്ണായി കണ്‍മുന്നില്‍ കണ്ടുതുടങ്ങുന്ന വര്‍ത്തമാനകാലത്ത് ഈ സിനിമ മിസ് ചെയ്യുന്നത് നല്ലതല്ല,’ കെ. സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സിനിമ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ത്തിയത്.
ബി.ജെ.പി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി. സിംഗ് സര്‍ക്കാരിന്റെ കാലത്താണ് കശ്മീര്‍ താഴ്വരയില്‍ നിന്ന് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചതെന്നും എന്നിട്ടും ബി.ജെ.പി വിഷയത്തില്‍ വിരലനക്കിയില്ലെന്നും ട്വീറ്റില്‍ ആരോപിക്കുന്നു.
പണ്ഡിറ്റുകളുടെ വിഷയത്തില്‍ എപ്പോഴും മുതലക്കണ്ണീര്‍ ഒഴുക്കാറുള്ള ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴൊന്നും അവരെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടുവന്നില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
‘തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള ബി.ജെ.പിയുടെ പ്രചാരവേലയ്ക്ക് അനുയോജ്യമായിരുന്നു പണ്ഡിറ്റുകളുടെ പലായന വിഷയം.
വി.പി. സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 1989 ഡിസംബറിലാണ്. പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചത് തൊട്ടടുത്ത മാസം. എന്നിരിക്കിലും 1990 നവംബര്‍ വരെ വി.പി. സിംഗിനെ പിന്തുണച്ചിരുന്ന ബി.ജെ.പി വിഷയത്തില്‍ ഒന്നും ചെയ്തില്ല.
അന്നത്തെ ഗവര്‍ണര്‍ ജഗ്മോഹന്റെ നിര്‍ദേശപ്രകാരമാണ് പണ്ഡിറ്റുകള്‍ താഴ്വര വിട്ടുപോയത്. അദ്ദേഹം ഒരു ആര്‍.എസ്.എസ് അനുഭാവി ആയിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം, പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു പകരം ഗവര്‍ണര്‍ ജഗ്മോഹന്‍ ആവരോട് ആവശ്യപ്പെട്ടത് ജമ്മുവിലേക്ക് താമസം മാറ്റാനാണ്.
അവിടം സുരക്ഷിതമല്ലെന്ന് കരുതിയ നിരവധി പണ്ഡിറ്റ് കുടുംബങ്ങള്‍ ഭയം കൊണ്ടാണ് താഴ്വര വിട്ടത്. പണ്ഡിറ്റുകളുടെ പലായനത്തിന്റെ സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യത്ത് ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു,’ കോണ്‍ഗ്രസ് പറഞ്ഞു.