| Sunday, 26th December 2021, 11:39 pm

റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ ചേക്കേറിയത് ആശങ്കാജനകം, തീവ്രവാദികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം; കിറ്റക്‌സ് തൊഴിലാളികളുടെ കലാപശ്രമത്തില്‍ കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ നടത്തിയ കലാപശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് റാക്കറ്റുകളെയും തീവ്രവാദികളെയും കണ്ടെത്താന്‍ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും സൗകര്യപൂര്‍വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണ്. കിഴക്കമ്പലം സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിവിധസംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തില്‍ ഉണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരും ക്രിമിനലുകളുമല്ല. മഹാഭൂരിപക്ഷം ആളുകളും നല്ലവരും ഉപജീവനത്തിനായി മാത്രം വന്നവരുമാണ്. തെറ്റുപറ്റിയത് സര്‍ക്കാരിനാണ്. ആളുകള്‍ ആരാണ് എന്താണ് അവരുടെ ഊരും പേരും ആരാണ് അവരെ ഇവിടെ എത്തിച്ചത് തുടങ്ങി ഒന്നിനും ഒരു കണക്കും ഇവിടെയില്ല.

എത്ര ലക്ഷം ആളുകളുണ്ടിവിടെ എന്നതിനുപോലും സര്‍ക്കാരിന്റ കയ്യില്‍ കണക്കില്ല. അങ്ങനെ ഒരു കൃത്യമായ റജിസ്റ്റര്‍ ആരും സൂക്ഷിക്കുന്നുമില്ല. പുറത്തുവന്ന കണക്കുകളെല്ലാം കൊട്ടക്കണക്കുമാത്രമാണ്. അസമില്‍ നിന്നും ബംഗാളില്‍ നിന്നും വന്നവരില്‍ ചിലരെങ്കിലും ബംഗ്‌ളാദേശികളാണെന്ന നിഗമനം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ക്കുമുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു.

ബംഗ്ലാദേശികളേയും അന്യരാജ്യക്കാരെയും കണ്ടെത്തണം. അവരെ തിരിച്ചയക്കണം. ക്രിമിനില്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ ശാസ്ത്രീയ സംവിധാനം ഉണ്ടാവണം. മയക്കുമരുന്നു റാക്കറ്റുകളേയും തീവ്രവാദികളെയും കണ്ടെത്താന്‍ നടപടി വേണം.

പൊലീസ് സ്റ്റേഷനുകളിലും തദ്ദേശസ്ഥാപനങ്ങളിലും തൊഴിലുടമകള്‍ അവരോടൊപ്പമുള്ള തൊഴിലാളികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും നല്‍കുന്നു എന്നുറപ്പുവരുത്തണം. തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരെയും കൃത്യമായ പരിശോധനക്കുവിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: BJP state president K Surendran. has demanded action to find drug racketeers and militants in the wake of the riots by Kitex workers. 

We use cookies to give you the best possible experience. Learn more