കൊച്ചി: കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ നടത്തിയ കലാപശ്രമത്തിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് റാക്കറ്റുകളെയും തീവ്രവാദികളെയും കണ്ടെത്താന്‍ നടപടി വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും സൗകര്യപൂര്‍വം ഇവിടെ ചേക്കേറിയിട്ടുണ്ടെന്ന വസ്തുത ആശങ്കാജനകമാണ്. കിഴക്കമ്പലം സംഭവങ്ങള്‍ ഒരു മുന്നറിയിപ്പാണ്. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. വിവിധസംസ്ഥാനങ്ങള്‍ തമ്മിലുള്ള ഏകോപനം ഇക്കാര്യത്തില്‍ ഉണ്ടാവണം. അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് അടിയന്തിരമായി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘അന്യസംസ്ഥാന തൊഴിലാളികളെല്ലാവരും കുഴപ്പക്കാരും ക്രിമിനലുകളുമല്ല. മഹാഭൂരിപക്ഷം ആളുകളും നല്ലവരും ഉപജീവനത്തിനായി മാത്രം വന്നവരുമാണ്. തെറ്റുപറ്റിയത് സര്‍ക്കാരിനാണ്. ആളുകള്‍ ആരാണ് എന്താണ് അവരുടെ ഊരും പേരും ആരാണ് അവരെ ഇവിടെ എത്തിച്ചത് തുടങ്ങി ഒന്നിനും ഒരു കണക്കും ഇവിടെയില്ല.
എത്ര ലക്ഷം ആളുകളുണ്ടിവിടെ എന്നതിനുപോലും സര്‍ക്കാരിന്റ കയ്യില്‍ കണക്കില്ല. അങ്ങനെ ഒരു കൃത്യമായ റജിസ്റ്റര്‍ ആരും സൂക്ഷിക്കുന്നുമില്ല. പുറത്തുവന്ന കണക്കുകളെല്ലാം കൊട്ടക്കണക്കുമാത്രമാണ്. അസമില്‍ നിന്നും ബംഗാളില്‍ നിന്നും വന്നവരില്‍ ചിലരെങ്കിലും ബംഗ്‌ളാദേശികളാണെന്ന നിഗമനം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ക്കുമുണ്ട്,’ സുരേന്ദ്രന്‍ പറഞ്ഞു.