| Tuesday, 3rd October 2023, 4:13 pm

ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് സി.പി.ഐ.എമ്മിന്റെ നിലപാട് തീരുമാനിക്കുന്നത്: കെ. സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ.ടി. ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് സി.പി.ഐ.എമ്മിന്റെ നിലപാട് തീരുമാനിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സി.പി.ഐ.എം അനില്‍കുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാര്‍ട്ടി അണികള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറിന്റെ തട്ടം പരാമര്‍ശവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. സംഘടിത മതശക്തികളുടെ അടിമയായി സി.പി.ഐ.എം അധപതിച്ചു കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

‘ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അവര്‍ക്ക് നവോത്ഥാനമായിരുന്നു. മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാല്‍ മുത്തലാഖ് അവര്‍ക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതുസിവില്‍ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പര്‍ദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.

സി.പി.ഐ.എം അനില്‍കുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാര്‍ട്ടി അണികള്‍ ഇനിയെങ്കിലും തിരിച്ചറിയണം,’ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുക്തിവാദി സംഘടനയായ എസന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം.

തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇതു വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗമായ അനില്‍കുമാറിനെ പാര്‍ട്ടി എം.എല്‍.എയായ കെ.ടി. ജലീല്‍ തിരുത്തുന്നു. പാര്‍ട്ടി നിലപാടല്ല അനില്‍ കുമാറിന്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു.

ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എ.എം. ആരിഫ് എം.പി അതിനെ പിന്തുണക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സി.പി.ഐ.എമ്മില്‍ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കില്‍ തന്നെ വോട്ട് ബാങ്കിന്റെ കാര്യം വരുമ്പോള്‍ പ്രോട്ടോകോളും പാര്‍ട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാര്‍ട്ടിക്ക് ബാധകമല്ലല്ലോ.

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് അവര്‍ക്ക് നവോത്ഥാനമായിരുന്നു. മീശ നോവലില്‍ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോള്‍ അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സി.പി.ഐ.എമ്മിന്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാല്‍ മുത്തലാഖ് അവര്‍ക്ക് മതവിശ്വാസത്തിന്റെ ഭാഗമാണ്. പൊതുസിവില്‍ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പര്‍ദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.

സി.പി.ഐ.എം അനില്‍കുമാറിന്റെയും അച്ച്യുതാനന്ദന്റെയും കണാരന്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാര്‍ട്ടി അണികള്‍ ഇനിയെങ്കിലും തിരിച്ചറിയണം. കെ.ടി. ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിന്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദന്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സി.പി.ഐ.എം അധപതിച്ചു കഴിഞ്ഞു. പിയ ഗോവിന്ദന്‍ജി പാര്‍ട്ടി ക്ലാസുകളിലെ നവോത്ഥാന ക്ലാസുകളൊക്കെ മതിയാക്കി ഒരു മൂലക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.


Content Highlight: BJP state president K. Surendran about K. AnilKumar’s Thattam statement

We use cookies to give you the best possible experience. Learn more