| Wednesday, 9th January 2019, 8:47 am

അയ്യപ്പജ്യോതിക്കിടെ പൊലീസുകാരന് മര്‍ദ്ദനം;ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യോളി: അയ്യപ്പജ്യോതിക്കിടെ പൊലീസുകാരനെ മര്‍ദ്ദിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറിയുമായ മരുതിയാട്ട് മോഹനന്‍ അറസ്റ്റില്‍. പയ്യോളി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച മുയിപ്പോത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ മോഹനനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ശബരിമല യുവതിപ്രവേശന വിധിയുമായി ബന്ധപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. ഡിസംബര്‍ 27 ന് നടത്തിയ പരിപാടിക്കിടെയാണ് വടകരയിലെ സിവില്‍ പൊലീസ് ഓഫീസറായ പ്രദീപ് കുമാറിന് മര്‍ദ്ദനമേറ്റത്.

ALSO READ: പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പൊലീസ് പിടിയിലായിട്ടും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്ക് മിണ്ടാട്ടമില്ല; ബി.ജെ.പി നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍

അയനിക്കാട് പള്ളിക്ക് സമീപംവച്ച് അയ്യപ്പ ജ്യോതിക്കിടെ ബൈക്ക് ഓടിച്ച് പോകുമ്പോള്‍ പരിപാടിയില്‍ ഉണ്ടായിരുന്ന ചിലര്‍ മര്‍ദ്ദിച്ചുവെന്ന് പ്രദീപന്‍ പൊലീസിനോട് പറഞ്ഞിരുന്നു.

ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഹെല്‍മറ്റ് ഉപയോഗിച്ചാണ് അടിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

ബി.ജെ.പി പ്രവര്‍ത്തകനായ അയനിക്കാട് രമിലേഷിനെ സംഭവസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more